ന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന സ്വിറ്റ്സർലാൻഡിന്റെ പരാമർശം തെറ്റിദ്ധാരണയെന്ന് ഇന്ത്യ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 60-ാമത് സെഷനിൽ പൊതു ചർച്ചക്കിടെയായിരുന്നു പരസ്പരം പരാമർശവുമായി ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.
കൗൺസിലിൽ സംസാരിച്ച സ്വിറ്റ്സർലാൻഡ് പ്രതിനിധി, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇന്ത്യ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്’ എന്നായിരുന്നു സ്വിറ്റ്സർലാൻഡ് പ്രതിനിധിയുടെ വാക്കുകൾ.
എന്നാൽ, സ്വിറ്റ്സർലാൻഡ് പ്രതിനിധി സംഘം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ആശ്ചര്യജനകവും തെറ്റിദ്ധാരണയുമാണെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ കൗൺസിലർ ക്ഷിതിജ് ത്യാഗി വിശേഷിപ്പിച്ചു.
‘അടുത്ത സുഹൃത്തായ സ്വിറ്റ്സർലാൻഡ് നടത്തിയ ആശ്ചര്യജനകവും പൊള്ളയായതും തെറ്റിദ്ധാരണയിൽ അധിഷ്ഠിതവുമായ പരാമർശങ്ങൾക്ക് ഇന്ത്യ മറുപടി നൽകാൻ ആഗ്രഹിക്കുന്നു. യു.എൻ.എച്ച്.ആർ.സി അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യമായ സ്വിറ്റ്സർലാൻഡ് യാഥാർത്ഥ്യത്തോട് നീതി പുലർത്താത്തതും വ്യാജവുമായ വിവരണങ്ങളിൽ കൗൺസിലിന്റെ സമയം പാഴാക്കുന്നത് ഒഴിവാക്കണം. പകരം, വംശീയത, വ്യവസ്ഥാപിത വിവേചനം, വിവിധ രാജ്യങ്ങളിൽ വിദേശികളോട് നിലനിൽക്കുന്ന വിദ്വേഷം എന്നിങ്ങനെ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ലോകത്തിലെ ഏറ്റവും വലുതും, വൈവിധ്യപൂർണ്ണവും, ഊർജ്ജസ്വലവുമായ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഈ ആശങ്കകൾ പരിഹരിക്കാൻ സ്വിറ്റ്സർലാൻഡിനെ സഹായിക്കാൻ ഇന്ത്യ തയ്യാറാണ്.’- ത്യാഗി വ്യക്തമാക്കി.
ചർച്ചക്കിടെ, പാക്കിസ്താൻ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കൗൺസിലിനെ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണക്കുന്നുവെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
‘സ്വന്തം നേതാക്കൾ തന്നെ അടുത്തിടെ ആക്രി വണ്ടിയോട് താരതമ്യം ചെയ്ത ഒരു രാജ്യത്തിൻറെ പ്രകോപനപരമായ പരാമർശങ്ങളോട് മറുപടി പറയാൻ ഇന്ത്യ നിർബന്ധിതരാകുകയാണ്. കൗൺസിലിന് മുന്നിൽ പഴയ ആരോപണങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും വീണ്ടും കൊണ്ടുവരുന്ന രാജ്യത്തിന് എന്തുകൊണ്ടും ആ വിശേഷണം ചേരുമെന്നും ത്യാഗി പറഞ്ഞു.
പാക്കിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളും ത്യാഗി ചൂണ്ടിക്കാട്ടി. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെടുന്നത് വരെയും പാക്കിസ്താനിലാണ് കഴിഞ്ഞിരുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.