കൊൽക്കത്ത: സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ നിരവധി വിധികൾ പ്രഖ്യാപിച്ച കൽക്കത്ത ഹൈകോടതി ജഡ്ജി രാജിവെക്കുന്നു. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയാണ് ചൊവ്വാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. രാജിക്കത്ത് രാഷ്ട്രപതിക്കും പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിനും കൈമാറുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചു.
രാജിക്കത്ത് സമർപ്പിച്ചശേഷം സ്വാതന്ത്ര്യസമര സേനാനി സൂര്യ സെന്നിന്റെ പ്രതിമക്ക് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം.
വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു ജസ്റ്റിസ് ഗംഗോപാധ്യായ. പശ്ചിമ ബംഗാൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നിരവധി തവണ സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും അദ്ദേഹം നിർദേശം നൽകിയിരുന്നു. ചില കേസുകളിൽ അദ്ദേഹത്തിന്റെ പരാമർശങ്ങൾ കടുത്ത രാഷ്ട്രീയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹൈകോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ജസ്റ്റിസ് ഗംഗോപാധ്യായ 2018 മേയ് രണ്ടിനാണ് കൽക്കത്ത ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2020 ജൂലൈ 30ന് സ്ഥിരം ജഡ്ജിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.