ഒരുവശത്ത്​ മത്സ്യത്തൊഴിലാളികളുടെ ​ഷെഡ്​ പൊളിക്കുന്നു; മറുവശത്ത്​ ബംഗ്ലാവ് പുതുക്കിപ്പണിത്​ അഡ്മിനിസ്ട്രേറ്ററുടെ ധൂര്‍ത്തടി

കവരത്തി: ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളിലൂടെ വിവാദങ്ങളിൽ ഇടംപിടിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേൽ അനാവശ്യ ചെലവുണ്ടാക്കി ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയുന്നത് പ്രതിഷേധത്തിന്​ ഇടയാക്കുന്നു. ഒരുവശത്ത്​ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കു​േമ്പാളാണ്​ മറുവശത്ത്​ പുതിയ ബംഗ്ലാവ്​ അനാവശ്യമായി പുതുക്കിപ്പണിത്​ അഡ്​മിനിസ്​ട്രേറ്റർ ധൂർത്തടിക്കുന്നത്​.

മൂന്നു വര്‍ഷം മുമ്പാണ് കവരത്തിയിൽ അഡ്മിനിസ്ട്രേറ്റര്‍മാര്‍ താമസിക്കുന്ന ബംഗ്ലാവിന്‍റെ പണി പൂര്‍ത്തീകരിച്ചത്. ഇൗ ബംഗ്ലാവ്​​ സ്വന്തം പ്ലാനനുസരിച്ച് പുതുക്കിപ്പണിയാനാണ് കഴിഞ്ഞമാസം അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകിയത്​. ഇതനുസരിച്ച്​ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദ്വീപില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലും ബംഗ്ലാവിന്‍റെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൊഴിലാളികള്‍ക്ക് പ്രത്യേക പാസ് നല്‍കിയാണ് നിര്‍മാണം നടക്കുന്നത്. ഖജനാവില്‍ വലിയ തോതില്‍ നഷ്​ടം വരുത്തുന്ന നടപടിയാണിതെന്നാണ് ദ്വീപുനിവാസികൾ ആരോപിക്കുന്നത്​. കോവിഡ്​ പശ്​ചാത്തലത്തിലും അടുത്തിടെ ചുഴലിക്കാറ്റ്​ അടിച്ച്​ നാശനഷ്​ടങ്ങളുണ്ടായ സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്​ നടത്തുന്ന ഈ ധൂർത്തിനെതിരെ വൻ പ്രതിഷേധമാണ്​ നടക്കുന്നത്​.

അതേസമയം, ലക്ഷദ്വീപില്‍ ഇന്ധന വിതരണത്തിലും അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണം ഏർപ്പെടുത്തി. കൽപേനി ദ്വീപിലാണ് സ്വകാര്യ വാഹനങ്ങൾക്ക് പെട്രോള്‍ നല്‍കുന്നതിന് അഡ്മിനിസ്ട്രേറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് രൂക്ഷമാകുന്നതിനാലാണ്​ ഇതെന്നാണ്​ വിശദീകരണം. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപിലും കേരളത്തിലും ഉയരുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നുമുള്ള ആവശ്യം വ്യാപകമായി ഉയരുകയാണ്​.

Tags:    
News Summary - Bungalow renovation by the Lakshadweep administrator makes agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.