ന്യൂഡൽഹി: വേണ്ട പരിഗണന ലഭിക്കാത്തതിനാൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലെ സഖ്യകക്ഷികളിലധികവും അതൃപ്തിയിലാണെന്ന് ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ.
നേതാക്കൾ പുനർവിചിന്തനം നടത്തിയില്ലെങ്കിൽ ബി.ജെ.പിയെ കേന്ദ്രത്തിൽ പിന്തുണക്കുന്ന തൻെറ പാർട്ടിക്ക് പിന്തുണ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും രാജ്യസഭാ എം.പി കൂടിയായ നരേഷ് ഗുജ്റാൾ വ്യക്തമാക്കി. ശിരോമണി അകാലിദൾ ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) എതിരാണ്. പൗരത്വ നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന അഭയാർഥികളുടെ പട്ടികയിൽ മുസ്ലിമുകളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പൗരത്വ ഭേദഗതി നിയമം പോലുള്ള സുപ്രധാന വിഷയങ്ങളിൽ പോലും എൻ.ഡി.എയിൽ ചർച്ച നടക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ പല എൻ.ഡി.എ സഖ്യകക്ഷികളും അസന്തുഷ്ടരാണ്. നിലവിലെ ബി.ജെ.പി നേതാക്കൾക്ക് ‘വാജ്പേയ് സ്പർശം’ ആണ് േവണ്ടത്. 20ഓളം പാർട്ടികളടങ്ങിയ സഖ്യം നയിച്ചിരുന്നയാളാണ് വാജ്പേയ്. എന്നിട്ടും വേണ്ട പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നതിനാൽ എല്ലാവരും സന്തുഷ്ടരായിരുന്നു. വാജ്പേയിയുടെ വാതിലുകൾ എല്ലാവർക്കും മുന്നിൽ തുറന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായി പരിഗണിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും ചർച്ചയും നടന്നിരുന്നു. വാജ്പേയിയുടെ ഈ ഗുണങ്ങൾ ഉണ്ടായിരുന്ന മറ്റൊരു നേതാവ് അരുൺ ജയ്റ്റ്ലി ആയിരുന്നു. എന്തുകാര്യത്തിനും ചെന്ന് കാണാൻ കഴിയുമെന്ന് സഖ്യകക്ഷികൾക്ക് ഉറപ്പുള്ള നേതാവായിരുന്ന ജയ്റ്റ്ലിയുടെ മരണശേഷം അത്തരം വാതിലുകൾ ബി.ജെ.പിയിൽ അടഞ്ഞു’ -ഒരു ടി.വി. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.