ബജറ്റും കുരുക്കില്‍

ന്യൂഡല്‍ഹി: വിവിധ മേഖലകളെ കുഴച്ചുമറിച്ച നോട്ട് അസാധുവാക്കല്‍ നടപടി മൂലം അടുത്ത സാമ്പത്തിക വര്‍ഷത്തെ കേന്ദ്രബജറ്റും കുരുക്കില്‍. ബജറ്റ് തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ജി.എസ്.ടി സമ്പ്രദായം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ കഴിയില്ളെന്നിരിക്കെ, കേന്ദ്രബജറ്റ് നേരത്തെയാക്കുന്ന കാര്യം പുന$പരിശോധിച്ചേക്കും.

ഇത്തവണ ബജറ്റില്‍ വിപുലമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. നിലവിലെ രീതി മാറ്റി, റെയില്‍വേ ബജറ്റുകൂടി ഉള്‍ച്ചേര്‍ത്ത പൊതുബജറ്റാണ് വരുന്നത്. ഫെബ്രുവരി അവസാന തീയതിക്കു പകരം, ഒരു മാസം മുമ്പ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന വിധത്തിലാണ് നടപടികള്‍ മുന്നോട്ടു നീക്കുന്നത്.

എന്നാല്‍, നോട്ട് അസാധുവാക്കിയ ശേഷമുണ്ടായ പണഞെരുക്കവും വരുമാന നഷ്ടവും സാമ്പത്തിക മാന്ദ്യവും ജനങ്ങള്‍ക്കെന്നപോലെ സര്‍ക്കാറിനും വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. വരുമാനം കുത്തനെ കുറഞ്ഞതിനാല്‍, വിവിധ മന്ത്രാലയങ്ങള്‍ക്കും പദ്ധതികള്‍ക്കുമൊക്കെ പണം ചെലവിടുന്നതിന്‍െറ അനുപാതം നിശ്ചയിക്കാന്‍ കടുത്ത പ്രയാസമുണ്ട്.

സാധാരണ നിലക്ക് ഒരു സര്‍ക്കാര്‍ പാതിവഴി പിന്നിടുന്ന ഘട്ടത്തിലാണ് ഏറ്റവും സുപ്രധാനമായ ബജറ്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത്. എന്നാല്‍, ഇക്കുറി അതിന് കഴിയില്ളെന്ന് വ്യക്തം. സമ്പദ്വ്യവസ്ഥ കുഴഞ്ഞുമറിഞ്ഞിരിക്കെ, ലക്ഷ്യബോധമുള്ള ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് സംസ്ഥാന ബജറ്റുകളെയും ദോഷകരമായി ബാധിക്കും.

ആഗോള മാന്ദ്യത്തിനിടയില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞു നിന്നത് ഇന്ത്യന്‍ സമ്പദ്സ്ഥിതിക്ക് ഏറ്റവും അനുകൂല ഘടകമായിരുന്നു. ഉല്‍പാദനം വെട്ടിക്കുറക്കാന്‍ എണ്ണയുല്‍പാദക രാജ്യങ്ങള്‍ തീരുമാനിച്ചതു വഴി ഉയരുന്ന എണ്ണവില സര്‍ക്കാറിന്‍െറ വരുമാനത്തെയും നാണ്യപ്പെരുപ്പത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കും.

ബജറ്റിന്‍െറ മുന്നൊരുക്ക ചര്‍ച്ചകള്‍ ധനമന്ത്രി തുടങ്ങിവെച്ചിട്ടുണ്ട്. വരുമാനത്തകര്‍ച്ച കണക്കിലെടുത്ത് ആശ്വാസ പാക്കേജ് വേണമെന്നാണ് തൊഴിലാളി സംഘടനകളും വ്യവസായികളും കയറ്റുമതിക്കാരുമെല്ലാം ആവശ്യപ്പെടുന്നത്. പണഞെരുക്കത്തിനിടയില്‍ കൂടുതല്‍ നികുതി അടിച്ചേല്‍പിക്കാത്ത ആശ്വാസ നടപടി കൊണ്ട് ജനത്തെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതവുമാണ്. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത് മറ്റൊരു ഘടകം.

ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ കഴിയുന്ന ചിത്രമാണ് നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു മുമ്പ് ഉണ്ടായിരുന്നത്. നികുതി പിരിക്കുന്നതു സംബന്ധിച്ച കേന്ദ്ര-സംസ്ഥാന തര്‍ക്കം രൂക്ഷമാകാന്‍ പണഞെരുക്കം ഇപ്പോള്‍ പ്രധാന കാരണമായി. നോട്ട് അസാധുവാക്കല്‍ വഴിയുള്ള വരുമാന നഷ്ടം കൂടി കണക്കിലെടുക്കാതെ മുന്നോട്ടുപോകാന്‍ പറ്റില്ളെന്നാണ് കേരളമടക്കം സംസ്ഥാനങ്ങളുടെ നിലപാട്.

ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍, ഡിജിറ്റല്‍ പണമിടപാട് എന്നിങ്ങനെ വിപ്ളവാത്മകമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് മനക്കോട്ട കെട്ടിയ സര്‍ക്കാറിന്, ബജറ്റ് നേരത്തെയാക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. ജി.എസ്.ടി ഏപ്രിലില്‍ നടപ്പാക്കുന്നതു മുന്‍നിര്‍ത്തിയാണ് ബജറ്റ് ഒരു മാസം നേരത്തെയാക്കാന്‍ തീരുമാനിച്ചത്. ഇനിയിപ്പോള്‍ ബജറ്റ് പതിവു സമയത്തുതന്നെ അവതരിപ്പിച്ചാല്‍ പണഞെരുക്കത്തില്‍ നിന്നൊരു സാവകാശം കിട്ടുമെന്ന ചിന്ത സര്‍ക്കാറിലുണ്ട്.

Tags:    
News Summary - budget is in tied by currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.