പ്രതിപക്ഷ പാർട്ടികൾ ഡാനിഷിന് പിന്നിൽ; സ്വന്തം പാർട്ടി വക സസ്പെൻഷൻ!

ന്യൂഡൽഹി: ലോക്സഭയിൽ ബി.ജെ.പിയുടെ കണ്ണിലെ കരടായി മാറിയ ഡാനിഷ് അലി എം.പിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി ബി.എസ്.പിയുടെ ബി.ജെ.പി ചായ്‍വിന്റെ ചൂണ്ടുപലകയാകുന്നു. ലോക്സഭയിൽ ബി.ജെ.പി എം.പി രമേശ് ബിധുരിയുടെ വർഗീയ അധിക്ഷേപത്തിന് ഇരയായ ഡാനിഷ് അലിക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികൾ അണിനിരന്നു നിൽക്കേയാണ് സ്വന്തം പാർട്ടി സസ്പെൻഡ് ചെയ്തത്.

ഇൻഡ്യ മുന്നണിയുമായി ബി.എസ്.പി അകന്നുനിൽക്കുമ്പോൾ തന്നെ, പ്രതിപക്ഷ പാർട്ടികൾക്കൊപ്പമാണ് ഡാനിഷ് അലി മുന്നോട്ടുപോയത്. പാർട്ടി നേതൃത്വത്തിന്‍റെ നിർദേശങ്ങൾ പലവട്ടം ധിക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതി നയിക്കുന്ന ബി.എസ്.പി ഡാനിഷിനെ സസ്​പെൻഡ് ചെയ്തത്.

ബി.ജെ.പിയുമായി ബി.എസ്.പിക്കുണ്ടെന്ന് പറയുന്ന അന്തർധാര മറികടന്നായിരുന്നു ഡാനിഷ് അലിയുടെ നീക്കമെന്നും വിലയിരുത്തലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവമതിച്ചെന്ന് കുറ്റപ്പെടുത്തി, ലോക്സഭയിൽ ബി.ജെ.പി അംഗം രമേശ് ബിധുരിയാണ് ഡാനിഷ് അലിയെ അധിക്ഷേപിച്ചത്.

ബി.ജെ.പിയെ വെട്ടിലാക്കുകയും പ്രതിരോധ മന്ത്രിക്ക് ഖേദപ്രകടനം നടത്തുകയും ചെയ്യേണ്ടിവന്ന ഈ വിഷയം പ്രിവിലേജസ് കമ്മിറ്റിക്കു മുമ്പാകെയാണ്. നിരവധി പ്രതിപക്ഷ പാർട്ടികളാണ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയത്. പ്രിവിലേജസ് കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം ബിധുരി ഖേദപ്രകടനം നടത്തിയിരുന്നു.

ബി.ജെ.പി അംഗം അധിക്ഷേപിച്ച സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിക്കുന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കിയാണ് ഡാനിഷ് അലി ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം പാർലമെന്‍റിൽ എത്തിയത്. ഇതിന് സ്പീക്കർ ഓം ബിർല താക്കീത് ചെയ്യുകയുമുണ്ടായി.

2019ൽ യു.പിയിലെ അംറോഹ മണ്ഡലത്തിൽനിന്നാണ് ഡാനിഷ് അലി ലോക്സഭയിൽ എത്തിയത്. നേരത്തെ ജനതദൾ-എസ് നേതാവും വക്താവുമായിരുന്നു ഡാനിഷ് അലി. അവിടെനിന്ന് ബി.എസ്.പി ദത്തെടുത്ത വിധത്തിലാണ് അദ്ദേഹം പൊടുന്നനെ യു.പിയിൽനിന്നുള്ള പ്രതിനിധിയായത്. 

Tags:    
News Summary - BSP suspends MP Danish Ali for ‘indulging in anti-party activities’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.