രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിന്‍റെ സഹോദരി സ്വർണ കൗർ

ഭോപ്പാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ച് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിന്‍റെ സഹോദരി സ്വർണ കൗർ. മധ്യപ്രദേശിലെ മോവിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുലിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സ്വർണ കൗർ പറഞ്ഞു.

മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' റാലിയിലാണ് കാൻഷിറാം ഫൗണ്ടേഷൻ അധ്യക്ഷ കൂടിയായ കൗർ രാഹുലിന് പിന്തുണ അറിയിച്ചത്. വേദിയിൽ വെച്ച് ഡോ. ബി.ആർ. അംബേദ്കറിന്‍റെയും കാൻഷിറാമിന്‍റെയും ചിത്രങ്ങൾ അവർ രാഹുലിന് സമ്മാനിക്കുകയും ചെയ്തു.


കാൻഷിറാമിന്‍റെ കുടുംബവുമായി നിലവിലെ ബി.എസ്.പി അധ്യക്ഷ മായാവതി നല്ല ബന്ധത്തിലല്ലാത്തതിനാൽ, രാഹുൽ ഗാന്ധിയെ സ്വർണ കൗർ കണ്ടതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സ്വർണ കൗറിനൊപ്പം കാൻഷിറാമിന്‍റെ മരുമകൻ ലോക്ബീർ സിങ്ങും രാഹുലിനെ കാണാനെത്തിയിരുന്നു. 

ജാതി സെൻസസ് ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. അംബേദ്കർ, മഹാത്മാഗാന്ധി, ശ്രീബുദ്ധൻ, ശ്രീനാരായണ ഗുരു എന്നിവരുടെ കൂടി ആശയങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ ഭരണഘടന. ഈ ഭരണഘടന ആക്രമിക്കപ്പെടുകയാണ്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചില്ല എന്നാണ് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പറയുന്നത്. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണിത്. അമിത്ഷാ, അംബേദ്ക്കറേയും പരിഹസിക്കുന്നു. ഇതിനെയെല്ലാം ചെറുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    
News Summary - BSP Founder Kanshi Ram's Sister Swarn Kaur Meets Rahul Gandhi, Pledges Support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.