ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി മഹിപാൽപുരിയിലെ ഹോട്ടലിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയിൽ രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇൻസ്റ്റഗ്രാം വഴിയാണ് റീൽ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെടുന്നത്. യു.കെയിൽ നിന്ന് ഗോവയിലെത്തിയ യുവതിയെ കാണാൻ കൈലാഷ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഗോവയിലെത്താൻ പ്രയാസമുണ്ടെന്ന് വ്യക്തമാക്കിയ കൈലാഷ്, യുവതിയോട് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് ഡൽഹിയിലെത്തിയ യുവതി യുവാവിനെ കാണാനായി മഹിപാൽപുരിയിലെ ഹോട്ടലിൽ മുറിയെടുത്തു. മുറിയിലെത്തിയ കൈലാഷ് ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ യുവതി പ്രതിരോധിച്ചു. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന സുഹൃത്ത് ഫസലിനെ കൂടി വിളിച്ചുവരുത്തി കൈലാഷ് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ഡൽഹി പൊലീസ് നടത്തുന്നുണ്ട്. കൂടാതെ, ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായ വിവരം ബ്രിട്ടീഷ് ഹൈക്കമീഷന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.