ഗോണ്ട (യു.പി): ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ രൂക്ഷമായി വിമർശിച്ച് മുൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) തലവനും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്. 10 വർഷത്തെ ഭരണം കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കലാണ് കെജ് രിവാൾ ചെയ്ത ഏക ജോലിയെന്നും ഇതിലും വലിയ രാഷ്ട്രീയ വഞ്ചന താൻ കണ്ടിട്ടില്ലെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.
10 വർഷത്തെ ഭരണത്തിൽ അരവിന്ദ് കെജ്‌രിവാൾ ചെയ്ത ഒരേയൊരു ജോലി ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ്. ഇതിലും വലിയ രാഷ്ട്രീയ വഞ്ചന ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. ഇതിപ്പോൾ അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഡൽഹി നമ്മുടെ രാജ്യത്തിന്‍റെ കിരീടമാണ്, തലസ്ഥാനമാണ്. ഓരോ വ്യക്തിയും അവിടെ പോകാൻ അഭിമാനിക്കുന്ന തരത്തിലായിരിക്കണം ഡൽഹി -ബ്രിജ് ഭൂഷൺ വ്യക്തമാക്കി.
വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. വനിത ഗുസ്തി താരങ്ങളിൽ നിന്നും ലൈംഗികാതിക്രമ പരാതി നേരിടുന്ന ബ്രിജ് ഭൂഷന്‍റെ മകന് ടിക്കറ്റ് നൽകി കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.