അതിർത്തികളടച്ചു, മിസൈൽ പ്രതിരോധ സംവിധാനം തയാർ; രാജസ്ഥാനിലും പഞ്ചാബിലും അതിജാഗ്രത

ജയ്പുർ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന നടത്തിയ തിരിച്ചടിക്കു പിന്നാലെ ജമ്മു കശ്മീരിനു പുറമെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ഇരു സംസ്ഥാനങ്ങളിലും അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടിച്ചേരുന്നതിന് വിലക്കേർപ്പെടുത്തി. അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിരിക്കുകയാണ്.

പാകിസ്താനുമായി 1,037 കിലോമീറ്റർ അതിരു പങ്കിടുന്ന രാജസ്ഥാനിലെ അതിർത്തി മേഖല പൂർണമായും ബി.എസ്.എഫിന്‍റെ നിയന്ത്രണത്തിലാണ്. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ വെടിവെക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ജോധ്പുർ, കിഷൻഘട്ട്, ബികാനിർ വിമാനത്താവളങ്ങൾ മേയ് അടച്ചു. പശ്ചിമ മേഖല വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകളുടെ നിരീക്ഷണത്തിലാണ്. മിസൈൽ പ്രതിരോധ സംവിധാനവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഗംഗാനഗർ മുതൽ ഗുജറാത്തിലെ റാൻ ഓഫ് കച്ച് വരെയുള്ള മേഖലയിൽ സുഖോയ് ജെറ്റ് വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കി. ബികാനിർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. പൊലീസിനു പുറമെ റെയിൽവേ ജീവനക്കാരുടെ അവധിയും റദ്ദാക്കി. അവശ്യഘട്ടത്തിൽ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ അന്തിമ ഘട്ടത്തിലാണ്.

ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾക്ക് നിർദേശമുണ്ട്. ജയ്സാൽമീറിലും ജോധ്പുരിലും അർധരാത്രി മുതൽ പുലർച്ചെ നാലുവരെ ബ്ലാക്ക്ഔട്ടിന് ഉത്തരവിട്ടു. ഈ സമയത്ത് വീടുകളിലും മറ്റിടങ്ങളിലും ലൈറ്റുകൾ അണച്ചിടണം. ശത്രുവിമാനങ്ങളുടെ ലക്ഷ്യമാകുന്നതിൽനിന്ന് ഒഴിവാകാനാണിത്. പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

ബുധനാഴ്ച പുലർച്ചെ പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. ഓപറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ 25 മിനിറ്റ് നീണ്ട ദൗത്യത്തിൽ 24 മിസൈലുകൾ പ്രയോഗിച്ചാണ് ഭീകര കേന്ദ്രങ്ങൾ തകർത്തത്. ലശ്കറെ തയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുൾപ്പെടെയാണ് സംയുക്ത സേനാനീക്കത്തിലൂടെ തകർത്തത്.

Tags:    
News Summary - Borders Sealed, Missiles Ready: Rajasthan, Punjab Alert After Op Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.