മുംബൈ: ഭീമ കൊറെഗാവ് കേസിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഐ.ഐ.ടി മുൻ പ്രഫസറും ചിന്തകനുമായ ആനന്ദ് തെൽതുംബ്ഡെക്ക് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. 2020 ഏപ്രിലിലാണ് സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെൽതുംബ്ഡെയും അറസ്റ്റിലായത്. ജാമ്യം അനുവദിച്ചെങ്കിലും എൻ.ഐ.എക്ക് ജാമ്യത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ആനന്ദ് തെൽതുംബ്ഡെയുടെ ജയിൽ മോചനത്തിൽ നടപടിയുണ്ടാകൂ.
ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എൻ. ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ഇന്ന് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ നിലനിൽക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭീക കൊറേഗാവ് കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് പ്രഫ. തെൽതുംബ്ഡെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കൽ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു. കേസിൽ തെൽതുംബ്ഡെക്കൊപ്പം അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല.
2018ൽ രാജ്യത്തെ ദലിത് സംഘടനകളുടെയും എൽഗാർ പരിഷദ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാർഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. പിന്നീട് മനുഷ്യാവകാശ പ്രവർത്തകരടക്കം ഒട്ടേറെപ്പേരെ കേസിൽപ്പെടുത്തി വേട്ടയാടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.