കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

ന്യൂഡൽഹി: ആറ് ദിവസമായി കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് നോര്‍ത്ത് ഡല്‍ഹി ഗീത കോളനിക്കു സമീപത്ത് നിന്നാണ് ത്രിപുര സ്വദേശിയായ സ്നേഹ ദേബ്നാഥിനെ മൃതദേഹം കണ്ടെത്തിയത്. ഗീത കോളനി മേൽപ്പാലത്തിന് താഴെ നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജൂലൈ ഏഴ് മുതലാണ് സൗത്ത് ഡല്‍ഹി പര്യാവരന്‍ കോംപ്ലക്സില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയായ സ്നേഹ ദേബ്നാഥിനെ (19) കാണാതായത്. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കുടുംബം നേരത്തെ കണ്ടെത്തിയിരുന്നു. സിഗ്നേച്ചര്‍ പാലത്തിന് മുകളില്‍ നിന്നും ചാടാന്‍ പോവുകയാണ്. താനൊരു പരാജയമാണെന്നും ഭാരമാണെന്നും ഇങ്ങനെ ജീവിക്കാനാവില്ലെന്നും ആത്മഹത്യക്കുറിപ്പിൽ സ്നേഹ പറഞ്ഞിരുന്നു.

ഉന്നതപഠനത്തിന് ഡൽഹിയിലെത്തിയ സ്നേഹ, ജൂലൈ ഏഴിന് സുഹൃത്തിനെ സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോകുന്നുവെന്ന് അമ്മയെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് സ്നേഹയെ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്ന് കുടുംബം പറയുന്നു.

കാണാതായ ശേഷം സ്നേഹയുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായി. സ്നേഹ വിളിച്ചത് പ്രകാരം എത്തിയ കാർ ഡ്രൈവറാണ് പെൺകുട്ടി പോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലെന്നും സിഗ്നേച്ചർ പാലത്തിന് സമീപത്തേക്കാണെന്നും കുടുംബത്തെ അറിയിച്ചത്.

പെൺകുട്ടി കാണാതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം ദുരന്തപ്രതിരോധ സേന ഏഴ് കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയിരുന്നു.

Tags:    
News Summary - Body of missing Delhi University student from Tripura found in Yamuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.