ന്യൂഡൽഹി: 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ ബി.എം.ഡബ്ല്യു കാർ യൂബർ കാറിലിടിച്ചു ഡ്രൈവർ തൽക്ഷണം മരിച്ചു. യൂബർ ക്യാബ് ഡ്രൈവർ നസ്റുൽ ഇസ്ലാമാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 24 കാരനായ ഷോയബ് കോഹ്ലിയെന്നയാളാണ് ബി.എം.ഡബ്ല്യു ഡ്രൈവ് ചെയ്തിരുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം ഇയാളെ അറസ്റുചെയ്തു. പ്രതിയെ ഇന്ന് ജാമ്യത്തിൽ വിട്ടു. യൂബർ ഡ്രൈവറായുള്ള നസ്റുൽ ഇസ്ലാമിൻെറ ആദ്യദിനത്തിലാണ് അപകടം.
പ്രതി ഡ്രൈവിങ്ങിനിടെ മദ്യപിച്ചെന്ന ആരോപണം പൊലീസ് തള്ളി. എന്നാൽ ഇയാൾ നിയന്ത്രിക്കാനാകാത്ത വേഗതയിലാണ് കാർ ഒാടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കാബ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രതിയുടെ വാദം. ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് ഉയർന്ന കാർ ദൂരേക്ക് തെറിച്ചുവീണു. ബോംബ് പൊട്ടിത്തെറിക്കുന്നത് പോലെയായിരുന്നു അപകടമെന്ന് ദൃക്സാക്ഷി വ്യക്തമാക്കി. രണ്ട് കാറുകളും പൂർണ്ണമായും തകർന്നു.
സ്വകാര്യ കമ്പനിയിലെ ഡ്രൈവർ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നസ്റു യൂബറിലെത്തിയത്.ഭാര്യയും രണ്ട് മക്കളും മുത്തശ്ശിയുമുള്ള ഇയാളുടെ കുടുംബത്തിൻെറ ഏകവരുമാന മാർഗം നസ്റുവായിരുന്നു. താൻ യൂബർ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിച്ചതായും എന്നാൽ ജനക്കൂട്ടത്തെ കണ്ടതോടെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നെന്നും പ്രതി പറഞ്ഞു.
അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ കാബ് ഡ്രൈവർമാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.