ഞാനാണ്​ വിപ്ലവകാരി, മറ്റുള്ളവർക്ക്​ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഭയം -വരുൺ ഗാന്ധി

നിരന്തര ആരോപണങ്ങളിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന പാർട്ടിയുടെ എം.പി വരുൺഗാന്ധി വീണ്ടും പ്രസ്താവനയുമായി രംഗത്ത്​. താനാണ്​ യഥാർഥ വിപ്ലവകാരിയെന്നും മറ്റുള്ളവർ യഥാർഥ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഭയക്കുമ്പോൾ താൻ മാത്രമാണ്​ അത്​ ഭയമില്ലാതെ തുറന്നു പറയുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു.

കരിമ്പിന്‍റെ മിനിമം താങ്ങുവില വർധിപ്പിക്കുന്ന കാര്യം താൻ മാത്രമാണ് ഉന്നയിക്കുന്നതെന്നും മറ്റ് എം.പിമാർക്കും എം.എൽ.എമാർക്കും അതേക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലെന്നും പിലിഭിത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയായ വരുൺ ഗാന്ധി അവകാശപ്പെട്ടു. തങ്ങൾക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഭയക്കുന്നതിനാൽ തന്‍റെ പാർട്ടി സഹപ്രവർത്തകർ അത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബറേലിയിലെ ബഹേരി അസംബ്ലി മണ്ഡലത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ എം. പി ഗ്രാമവാസികളുമായി സംവദിക്കവേ, തനിക്ക് ഒഴികെ ഭരണകക്ഷിയിലെ മറ്റൊരു എം.എൽ.എക്കോ എം.പിക്കോ ധൈര്യമില്ലെന്ന് പറഞ്ഞു. "തെരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കില്ലെന്ന് ആ നേതാക്കൾ ഭയപ്പെടുന്നു. ജനപ്രതിനിധികൾ ജനങ്ങളുടെ ശബ്ദം ഉയർത്തിയില്ലെങ്കിൽ പിന്നെ ആരാണ് അത് ഉയർത്തുക? എനിക്ക് ഒരു തെരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. അമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ വിജയിച്ചു, ഞാൻ സത്യം മാത്രമേ പറയൂ, സർക്കാരുകൾ വരുകയും പോകുകയും ചെയ്യും''- അദ്ദേഹം പറഞ്ഞു. താനൊരു വിപ്ലവ നേതാവാണെന്നും ജനങ്ങളോട് അനീതി കാണിക്കുന്നത് കാണാൻ കഴിയില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.

അമ്മ മേനക ഗാന്ധി 1998, 1999 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പിലിഭിത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. ഗ്രാമങ്ങളിലെ യുവാക്കൾക്ക് കായിക ഉപകരണങ്ങൾ നൽകുന്നതായാലും ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്നതായാലും ജനങ്ങൾക്ക് താൻ എന്ത് സഹായം നൽകിയാലും അത് സ്വന്തം പണത്തിൽ നിന്നാണെന്ന് വരുൺ പറഞ്ഞു.

Tags:    
News Summary - BJP's Varun Gandhi Says He's "Revolutionary", Others "Fear" Raising Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.