രാകേഷ് സിൻഹ ഡൽഹിയിൽ വോട്ട് ചെയ്തപ്പോൾ, ബിഹാറിൽ വോട്ട് ചെയ്തശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നു

ഡൽഹിയിലും ബിഹാറിലും വോട്ട് ചെയ്ത് ബി.ജെ.പി എം.പി; പരാതിയുമായി പ്രതിപക്ഷം

പട്ന: ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ പുതിയ വിവാദം. ബി.ജെ.പി എം.പി രാകേഷ് സിൻഹ ഇരട്ട വോട്ട് ചെയ്തെന്ന പരാതിയുമായി ആംആദ്മി പാർട്ടിയും കോൺഗ്രസും രംഗത്ത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സിൻഹ, വ്യാഴാഴ്ച ബിഹാറിലും വോട്ട് ചെയ്തെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിച്ചത് വൻ വിവാദമായിരിക്കുകയാണ്. വോട്ട് തട്ടിപ്പിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

രാകേഷ് സിൻഹ ഡൽഹിയിലും ബിഹാറിലും വോട്ട് ചെയ്തെന്ന് കാണിച്ച് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് ആദ്യം രംഗത്തെത്തിയത്. എം.പി വോട്ട് ചെയ്തശേഷം എക്സിൽ പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തിയ കുറിപ്പിലാണ് സുബൈർ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് തട്ടിപ്പിന്‍റെ ഏറ്റവും വ്യക്തമായ തെളിവാണിതെന്ന് കുറിച്ചു.

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ രാകേഷ് സിൻഹ വോട്ട് ചെയ്തത് ദ്വാരക മണ്ഡലത്തിലാണ്. ബിഹാറിൽ ബെഗുസാരായി മണ്ഡലത്തിലും വോട്ട് ചെയ്തു. ഡൽഹി തെരഞ്ഞെടുപ്പിനുശേഷം താൻ സ്വദേശമായ ബിഹാറിലേക്ക് വിലാസം മാറിയെന്ന എം.പിയുടെ വാദത്തെ പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു തള്ളി. ഡൽഹിയിലെ മോത്തിലാൽ നെഹ്റു കോളജിൽ അധ്യാപകൻ കൂടിയായ രാകേഷ് സിൻഹക്ക് ബിഹാറിലേക്ക് വിലാസം മാറ്റാനാകില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.

ബി.ജെ.പി പ്രവർത്തകൻ നാഗേന്ദ്ര കുമാർ, ബി.ജെ.പി പൂർവാഞ്ചൽ മോർച്ച അധ്യക്ഷനും സന്തോഷ്‌ ഓജ എന്നിവരും രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തതായി റിപ്പോർട്ടുണ്ട്.


Tags:    
News Summary - BJP's Rakesh Sinha Voted In Bihar Months After Voting In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.