ഓപ്പറേഷൻ സിന്ദൂർ: രാജ്യത്തുടനീളം 'തിരംഗ യാത്ര'യുമായി ബി.ജെ.പി

ന്യൂഡൽഹി: പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ നേട്ടങ്ങൾ രാഷ്ട്രീയ നേട്ടമാക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപക തിരംഗ യാത്രയുമായി ബി.ജെ.പി. ഇന്ന് മുതൽ 23 വരെ 11 ദിവസത്തേക്കാണ് യാത്ര. മുതിർന്ന നേതാക്കളായ സംബീത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും.

ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക, ജനങ്ങളിൽ ഐക്യവും ദേശസ്നേഹവും വളർത്തുക എന്നിവയാണ് റാലിയുടെ ലക്ഷ്യങ്ങളെന്ന് ബി.ജെ.പി പറയുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി. നഡ്ഡ എന്നിവര്‍ തിരംഗ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇന്നലെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. സൈന്യത്തിന്‍റേത് അസാമാന്യമായ ധീരതയാണെന്നും സൈന്യത്തിന് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിന്ദൂർ വെറും പേരല്ല, അതിൽ രാജ്യത്തെ ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിൽ നിന്ന് 'സിന്ദൂരം' മായ്ച്ചതിന്റെ അനന്തരഫലം ശത്രുക്കൾ ഇപ്പോൾ തിരിച്ചറിഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തിയെന്നും മോദി പറഞ്ഞു.

ജമ്മു-കശ്മീർ ഉൾപ്പെടെ അതിർത്തി മേഖലയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കി. അതിർത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികൾ ശാന്തമാണ്.

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - BJP with Tiranga Yatra after Operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.