മുകേഷ് സഹനി

ബി.ജെ.പിക്ക് മുസ്‌ലിംകളെ ഇന്ത്യയിൽനിന്ന് പുറത്താക്കണം, പിന്നാക്ക വിഭാഗക്കാരൻ ഉപമുഖ്യമന്ത്രി ആകുന്നതിൽ പ്രശ്നം -മുകേഷ് സഹനി

പട്ന: രാജ്യത്ത് മുസ്‌ലിംകൾ താമസിക്കുന്നതിനോട് ബി.ജെ.പിക്ക് താൽപര്യമില്ലെന്നും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള വ്യക്തി ഉപമുഖ്യമന്ത്രിയാകുന്നത് അവർക്ക് വലിയ പ്രശ്നമാണെന്നും വികാസ്ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹനി. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ ഉയർത്തിക്കാണിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനാർഥിയാണ് മുകേഷ് സഹനി. ബിഹാറിലെ മുസ്‌ലിംകൾ വിഡ്ഡികളല്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ തിരിച്ചടി നേരിടുമെന്നും സഹനി പറഞ്ഞു.

“ബി.ജെ.പിക്ക് മുസ്‌ലിംകളെ ഇന്ത്യയിൽനിന്ന് പുറത്താക്കണം. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരാൾ ഉപമുഖ്യമന്ത്രിയാകുമെന്നത് അവക്ക് വലിയ പ്രശ്നമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് അവരുടേത്. സഹോദരങ്ങൾ തമ്മിലടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ബിഹാറിലുള്ള നമ്മുടെ മുസ്‌ലിം സഹോദരങ്ങൾ വിഡ്ഡികളല്ല. രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കാനും ബിഹാറിന്‍റെ പുരോഗതി തടയാനും ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണ് നമ്മൾ ഒന്നിച്ചത്” -സഹനി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കേ മഹാഗഡ്ബന്ധൻ അവരുടെ പ്രകടനപത്രിക പുറത്തിറക്കി. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്ന മുന്നണി, ‘ബിഹാർ കാ തേജസ്വി പ്രാൺ’ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. പിന്നാലെ പ്രകടന പത്രികയെ ഒരുകൂട്ടം നുണകളെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി. ആർ.ജെ.ഡി അഴിമതിയുടെ പാഠശാലയാണെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് ആരോപിച്ചു. ജോലിക്ക് ഭൂമി ഉൾപ്പെടെ വൻ അഴിമതി ആരോപണങ്ങൾ നേരിടുന്ന പാർട്ടിയാണ് ആർ.ജെ.ഡിയെന്നും അവരുടെ ഭാവിയും അത്തരത്തിലാകുമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

Tags:    
News Summary - 'BJP Wants To Drive Muslims Out Of India, Have Problem With Person Becoming Deputy CM From Backward Community': VIP Chief Mukesh Sahani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.