കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 15 പോളിംഗ് ബൂത്തുകളിൽ റീപോളിങ്ങ് നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്നതിനെ തുടർന്നാണ് സൗത്ത് പർഗാസിലെ 15 മണ്ഡലങ്ങളിൽ റീപോളിങ്ങിന് ഉത്തരവിട്ടത്. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബർ നിയോജകമണ്ഡലത്തിലെ നാല് ബൂത്തുകളിലുമായി രാവിലെ ഏഴു മുതൽ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തൃണമൂൽ പ്രവർത്തകർക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ജനങ്ങൾ ഉന്നയിച്ചത്. സ്ത്രീകൾക്ക് സുരക്ഷ വേണമെന്നും ഭീഷണിപ്പെടുത്തുന്ന തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു സ്ത്രീ മാധ്യമങ്ങളോടുള്ള പ്രതികരണമായി പറഞ്ഞത്.
ചില വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞതായി ബി.ജെ.പിയുടെ ഭാഗത്തു നിന്നും ആരോപണം ഉണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിദേയമാക്കുന്നതിനും വോട്ടെടുപ്പ് തുടരുന്നത് ഉറപ്പാക്കുന്നതിനും വൻതോതിൽ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകൾ പ്രകാരം മഗ്രഹത്ത് പശ്ചിമിൽ 56.33 ശതമാനവും ഡയമണ്ട് ഹാർബറിൽ 54.9 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.