ന്യൂഡൽഹി: രാമക്ഷേത്രം ഉയർത്തിക്കാണിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നത ബി.ജെ.പി നേതാക്കളുടെ യോഗം തീരുമാനിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പും ശേഷവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തേണ്ട പരിപാടികൾക്കാണ് കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പാർട്ടി ജനറൽ സെക്രട്ടറിമാരായ തരുൺ ഛഘ്, സുനിൽ ബൻസൽ എന്നിവർ പങ്കെടുത്ത യോഗം ചർച്ച ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പിന് ക്ലസ്റ്ററുകൾ ഉണ്ടാക്കാനുള്ള തീരുമാനവും യോഗം അവലോകനം ചെയ്തു.
പൊതുതെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ മറ്റു പാർട്ടികളിൽനിന്ന് വരുന്ന നേതാക്കളെ ‘അരിച്ചെടു’ക്കാൻ പുതിയ സമിതിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പിന് ബി.ജെ.പിയിൽ ചേർന്ന പല നേതാക്കളും പിന്നീട് തിരിച്ചുപോയ സാഹചര്യത്തിലാണ് തീരുമാനം. പശ്ചിമ ബംഗാളിൽനിന്ന് ബി.ജെ.പിയിലേക്ക് വന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളായ മുകുൾ റോയിയും ബാബുൽ സുപ്രിയോയും പിന്നീട് പാർട്ടി വിട്ടിരുന്നു.
പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ എടുക്കേണ്ടതുണ്ടോ എന്ന കാര്യം ഈ സമിതി തീരുമാനിക്കും. സമിതി പച്ചക്കൊടി കാണിക്കാത്തവരെ പാർട്ടിയിലെടുക്കില്ല. സമിതിയുടെ ആദ്യയോഗം ജനുവരി ആറിന് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.