പ്രകാശ് രാജ്
‘ഫ്രണ്ട്...നിങ്ങൾക്ക് ഭയമുണ്ടല്ലേ? ജനാധിപത്യത്തെ കൊലചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല, ഗെയിം ഓൺ..’ -വിഡിയോ പങ്കുവെച്ച് പ്രകാശ് രാജ്
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും സമരക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രകാശ് രാജ്. പൗരന്മാരുടെ പ്രതിഷേധങ്ങളിൽ നിന്ന് നിങ്ങൾ എത്രകാലം ഒളിച്ചോടുമെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, ഇത് നീണ്ടൊരു പോരാട്ടമാണ്, ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും എക്സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെയും വിമാനത്തിൽവെച്ച് സി.ജെ.പി നേതാക്കളെയും കസ്റ്റഡിയിലെടുത്ത സംഭവത്തെ പ്രകാശ് രാജ് ശക്തമായി അപലപിക്കുകയും ചെയ്തു.
"എന്താണ് ഈ കോലാഹലം? യുവാക്കളെ വിമാനത്തിൽനിന്നും വീടുകളിൽനിന്നും തടങ്കലിൽ വെക്കുകയോ? പ്രതിഷേധ സ്ഥലത്തേക്ക് എത്താൻ പോലും അനുവദിക്കാതിരിക്കുകയാണോ നിങ്ങൾ? നിങ്ങൾ ഞങ്ങളുടെ ശബ്ദമല്ല അടപ്പിച്ചത്, മറിച്ച് നിങ്ങളെത്തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാധിപത്യത്തെ കൊലചെയ്യാൻ നിങ്ങളെ അനുവദിക്കില്ല, ഇത് നീണ്ടൊരു പോരാട്ടമാണ്, ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും...ഇനിയാണ് കളി ആരംഭിക്കുന്നത്..." എന്ന് അദ്ദേഹം വിഡിയോയിൽ മുന്നറിയിപ്പ് നൽകി.
ജന്തർമന്തറിൽ സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചിന് അനുവദിക്കാത്ത രീതിയിലുള്ള പൊലീസ് നടപടിയും നേതാക്കളുടെ കരുതൽ തടങ്കലും രാജ്യത്ത് കനത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലും വ്യാപക അറസ്റ്റുമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ നേതാക്കളെയും സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയടക്കം 1000ത്തോളം പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.