ഇതാണോ ആറ്റംബോംബ്​; ബിഹാർ വോട്ടെടുപ്പിന്​ മുമ്പ്​ ശ്രദ്ധതിരിക്കാനുള്ള കോൺഗ്രസിന്‍റെ തന്ത്രമാണിത്​ -രാഹുൽ ഗാന്ധിയെ തള്ളി കിരൺ റിജിജു

ന്യൂഡൽഹി: ഹരിയാനയിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച്​ കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുലിന്‍റെ അവതരണവും അവകാശവാദങ്ങളും തീർത്തും വ്യാജമാണെന്ന്​ പറഞ്ഞ്​ തള്ളിക്കളഞ്ഞ റിജിജു, ബിഹാർ തിരഞ്ഞെടുപ്പിന്​ മുമ്പായി ആളുകളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണി​തെന്നും ആരോപണമുയർത്തി.

പരാജയം മറച്ചുവെക്കാനാണ്​ അവരിങ്ങനെ ഓരോന്ന്​ ചെയ്തുകൊണ്ടിരിക്കുന്നതെന്നും റിജിജു കുറ്റപ്പെടുത്തി. ആസന്നമായ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച കോൺ​ഗ്രസ്​ അതിന്​ ഓരോ ഒഴികഴിവുകൾ കണ്ടുപിടിക്കുകയാ​ണെന്നും റിജിജു പറഞ്ഞു.

തന്‍റെ പരാജയം മറച്ചുവെക്കാനാണ്​ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്​. നാളെയാണ്​ ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്​. എന്നാൽ അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്​ ഹരിയാനയിലെ കാര്യങ്ങളാണ്​. ഇത് കാണിക്കുന്നത് കോൺഗ്രസിന് ബിഹാറിൽ ഒന്നും ബാക്കിയില്ല എന്നും അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാനായി അദ്ദേഹം ഹരിയാന വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്നും റിജിജു പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവ്​ എന്ന നിലയിൽ ഗൗരവമാർന്ന വിഷയങ്ങൾഉയർത്തിക്കൊണ്ടുവരികയാണ്​ വേണ്ടത്​ എന്നാണ്​ ഈയവസരത്തിൽ തനിക്ക്​ രാഹുലി​ന്​ നൽകാനുള്ള ഉപദേശമെന്നും റിജിജു തുടർന്നു.

രാഹുൽ ഗാന്ധി വിദേശത്തായിരിക്കുമ്പോൾ ഇന്ത്യയുടെ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും ദുരുപയോഗം ചെയ്യുന്നുവെന്നും റിജിജു ആരോപിച്ചു. ഇന്ത്യക്ക്​ പുറത്തുള്ള ഒരാളാണ്​ അദ്ദേഹത്തിന് ഇത്തരം യുക്തിരഹിതമായ നിർദേശങ്ങൾ നൽകുന്നതെന്നും റിജിജു അവകാശപ്പെട്ടു. രാഹുലിന്‍റെ വോട്ട്​ ചോരി ആരോപണങ്ങളിൽ യുക്​തിയില്ലെന്ന്​ ഊന്നിപ്പറഞ്ഞ റിജിജു ഇന്ത്യൻ ജെൻ സിയും യുവാക്കളും പ്രധാനമന്ത്രി ​നരേന്ദ്രമോദിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു.

''ഞങ്ങൾ യഥാർഥ വോട്ടർമാരാണ്​. എന്‍റെ പേര്​ രജിസ്റ്ററിൽ ഉണ്ട്​. പരാതികളൊന്നുമില്ല. വ്യാജ എൻട്രികളും നിലവില്ലാത്തതും ജീവിച്ചിരിപ്പില്ലാത്തതുമായ ആളുകളും പേരും നീക്കം ചെയ്തിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ പ്ര​​ക്രിയയെ കുറിച്ച്​ ആളുകൾക്ക്​ ഒരു പരാതിയുമില്ല. രാഹുൽ ഗാന്ധിയാണ്​ ബഹളം വെക്കുന്നത്​''-റിജിജു പറഞ്ഞു.

ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുണ്ടാക്കിയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം. ബ്രസീലിയൻ മോഡലിന്റെ പേരിലും സംസ്ഥാനത്ത് വലിയ ​വ്യാജ വോട്ടുകൾ നടന്നു. പേര് അറിയാത്ത, ഒരു മോഡലിന്റെ ചിത്രത്തിൽ പലപേരുകളിലായി പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ​ തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. 19 ലക്ഷത്തിലധികം ബൾക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 93,000ത്തിൽ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നത്.

ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് വൻ അട്ടിമറിയുടെ കഥ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.

Tags:    
News Summary - BJP Rejects Rahul Gandhi's Haryana Allegations As Fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.