പിതാവ് സഞ്ജയ് ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; മാനനഷ്ടക്കേസുമായി വരുൺ ഗാന്ധി

ന്യൂഡൽഹി: പിതാവ് സഞ്ജയ് ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്വിറ്ററിൽ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് വരുൺ ഗാന്ധി വാരണാസി സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് അഭിഭാഷകരുമായി കോടതിയിലെത്തിയാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കോടതി അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയതായും ഏപ്രിൽ 25ന് കേസിൽ വാദം കേൾക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

തന്റെ പിതാവ് സഞ്ജയ് ഗാന്ധി രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം രാജ്യമെമ്പാടും ഇന്നും ആദരിക്കപ്പെടുന്നുവെന്നും വരുൺ ഗാന്ധി തന്‍റെ പരാതിയിൽ പറഞ്ഞു. 2023 മാർച്ച് 29നാണ് വാരണാസിയിലെ ഭോജുബീർ നിവാസിയായ വിവേക് ​​പാണ്ഡെ ട്വിറ്ററിൽ സഞ്ജയ് ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിവേക് ​​പാണ്ഡെ നാഷണലിസ്റ്റ് ഹിന്ദുവിന്റെയും കിസാൻ മോർച്ചയുടെയും ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എന്റെ പിതാവിനെയോ മറ്റേതെങ്കിലും മുതിർന്ന വ്യക്തിയെയോ ആരെങ്കിലും അപകീർത്തിപ്പെടുത്തിയാൽ അവർക്കെതിരെ തീർച്ചയായും നിയമനടപടി സ്വീകരിക്കും. ഇത് ജനങ്ങൾക്ക് ഒരു പാഠമാവട്ടെ. കേസിൽ കോടതി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും"- വരുൺ ഗാന്ധി പറഞ്ഞു.

Tags:    
News Summary - BJP MP Varun Gandhi Files Defamation Case Against Man For Comments On His Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.