ഛണ്ഡിഗഢ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പങ്കാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായിബി.ജെ.പി രാജ്യസഭാ എംപി. ഭര്‍ത്താക്കന്മാരുടെ ജീവന് വേണ്ടി കേഴുന്നതിന് പകരം ഭാര്യമാർ തീവ്രവാദികളോട് പോരാടണമായിരുന്നുവെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി രാം ചന്ദര്‍ ജംഗ്ര പറഞ്ഞു. ദേവി അഹില്യാഭായ് ഹോല്‍ക്കര്‍ ജയന്തിയുമായി ബന്ധപ്പെട്ട് ഭിവാനിയില്‍ നടന്ന യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.
‘സ്ത്രീകള്‍ പോരാടണമായിരുന്നു. ഇത് മരണനിരക്ക് കുറക്കുമായിരുന്നു. എല്ലാ വിനോദ സഞ്ചാരികളും അഗ്നിവീറുകളായിരുന്നുവെങ്കില്‍ അവര്‍ തീവ്രവാദികളെ നേരിടുമായിരുന്നു. രാജ്ഞി അഹിലിയാഭായിയെ പോലെ നമ്മുടെ സഹോദരിമാരില്‍ ധീരതയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കണം’, എം.പി പറഞ്ഞു. എന്നാല്‍ രാം ചന്ദറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കുറ്റകരമായ പരാമര്‍ശമാണ് രാം ചന്ദര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് എം.പി ദീപേന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ മാനം കവരുകയാണ് ബി.ജെ.പി എംപി ചെയ്തിരിക്കുന്നത്. നാണക്കേടും അപമാനകരവുമായ പരാമര്‍ശമാണിത്. കൊല്ലപ്പട്ടവരുടെ കുടുംബങ്ങളെ അപമാനിക്കുന്ന രീതി ബി.ജെ.പി തുടരുകയാണ്. ഇത് നിര്‍ത്തലാക്കണം’, ഹൂഡ എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റില്‍ പറയുന്നു.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. സ്ത്രീകളെ ബഹുമാനിക്കുന്നതിന് പകരം ബി.ജെ.പി അവരെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ബി.ജെ.പിയുടെ യഥാർഥ മുഖമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സ്ത്രീ വിരുദ്ധ മനോഭാവമുള്ള അഴുക്കുചാലാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.