2009ലെ ചിത്രകൂട് കലാപക്കേസിൽ ബി.ജെ.പി എം.പിക്ക് തടവുശിക്ഷ

ലക്നോ: 2009ലെ ചിത്രകൂട് കലാപക്കേസിൽ ബി.ജെ.പി എം.പി ആർ.കെ സിങ് പട്ടേലിന് തടവുശിക്ഷ. ഒരു വർഷത്തേക്കാണ് ചിത്രകൂട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് ബാണ്ടയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ആർ.കെ സിങ്.

2009ലെ ചിത്രകൂട് കലാപവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിലാണ് എം.പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആർ.കെ സിങ് സമാജ് വാദി പാർട്ടി നേതാവായിരുന്ന കാലത്ത് ഉത്തർപ്രദേശിൽ ഭരണത്തിലിരുന്ന ബി.എസ്.പി സർക്കാറിനെതിരെ കലാപശ്രമം നടത്തുകയും വർഗീയ സംഘർഷത്തിലേക്ക് കലാപം വഴിമാറുകയും ചെയ്തെന്നാണ് കേസ്.

ട്രെയിൻ അടക്കമുള്ള ഗതാഗതം തടസപ്പെടുത്തുക, ട്രെയിനിന് നേരെ കല്ലെറിയുക അടക്കമുള്ള കുറ്റങ്ങളാണ് ആർ.കെ സിങ്ങിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. ചിത്രകൂട് കാർവി മുനിസിപ്പിൽ ചെയർമാൻ നരേന്ദ്ര ഗുപ്ത, മുൻ എസ്.പി എം.എൽ.എ വീർ സിങ് പട്ടേൽ അടക്കം 19 പേരെ കേസിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ 16 പേർക്ക് ഒരു വർഷവും മൂന്നു പേർക്ക് ഒരു മാസവുമാണ് ശിക്ഷ ലഭിച്ചത്.

അതേസമയം, ഒരു വർഷം മാത്രം തടവുശിക്ഷ ലഭിച്ച ആർ.കെ സിങ്ങിന് എം.പി സ്ഥാനം നഷ്ടമാകില്ല. രണ്ടോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്നവർക്കാണ് എം.പി സ്ഥാനം നഷ്ടമാകുക. 

Tags:    
News Summary - BJP MP jailed in 2009 Chitrakoot riots case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.