ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

മുംബൈ: ബി.ജെ.പി എം.പിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളിൽനിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. മുംബൈ ജുഹുവിലെ ‘സണ്ണി വില്ല’ എന്ന ബംഗ്ലാവിന്റെ ലേല നോട്ടിസാണ് പിൻവലിച്ചത്. 2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയിരുന്നത്. ആഗസ്റ്റ് 25ന് ലേലം നടക്കുമെന്നും കുറഞ്ഞ ലേല തുക 5.14 കോടിയായിരിക്കുമെന്നുമായിരുന്നു അറിയിപ്പ്. 2002ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയാൻ കുടിശ്ശികയുള്ള പണം അദ്ദേഹത്തിന് അടക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.

സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്സ് ഓഫിസില്‍ റെക്കോഡ് കലക്ഷനുമായി മുന്നേറുന്നതിനിടെ ലേല നോട്ടിസ് ലഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവനയിൽ, ‘സാങ്കേതിക കാരണങ്ങളെ’ തുടർന്ന് അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോളിന്റെ ലേല നോട്ടിസ് പിൻവലിക്കുകയാണെന്ന് ബാങ്ക് അറിയിച്ചു. എന്താണ് സാങ്കേതിക കാരണങ്ങളെന്നോ മറ്റ് ഇടപെടലുകളുണ്ടായോ എന്നതൊന്നും ബാങ്ക് വിശദീകരിച്ചിട്ടില്ല.

ബാങ്ക് നടപടിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘‘56 കോടി രൂപ അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിന് ബാങ്ക് ഓഫ് ബറോഡ ഇന്നലെ വൈകീട്ട് ഇ–ലേല നോട്ടിസ് അയക്കുന്നു. 24 മണിക്കൂറാകും മുമ്പ് ഇന്ന് രാവിലെ ‘സാങ്കേതിക കാരണം’ പറഞ്ഞ് നോട്ടിസ് പിൻവലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത് എന്നതിൽ അദ്ഭുതമുണ്ട്’’– കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് പരിഹസിച്ചു.

Tags:    
News Summary - BJP MP and actor Sunny Deol's bungalow auction notice withdrawn; Congress with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.