ഹൈദരാബാദ് കൂട്ടബലാത്സംഗം; പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

ഹൈദരാബാദ്: ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്തു. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ എം. രഘുനന്ദൻ റാവുവിന് എതിരെയാണ് കേസെടുത്തത്. ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ പരസ്യമാക്കിയതിന് ഐ.പി.സി 228-എ വകുപ്പ് ചുമത്തിയാണ് കേസ്.

മേയ് 28നാണ് ഹൈദരാബാദിലെ പബ്ബിൽ പാർട്ടിക്ക് പോയ കൗമാരക്കാരിയായ പെൺകുട്ടിയെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ അഞ്ച് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് എം.എൽ.എ രഘുനന്ദൻ റാവു പുറത്തുവിട്ടത്.

എ.ഐ.എം.ഐ.എം എം.എൽ.എയുടെ മകൻ പ്രതികളിലുൾപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. ഇത് തെളിയിക്കാനായാണ് രഘുനന്ദൻ റാവു ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ജൂൺ നാലിന് വാർത്താസമ്മേളനം വിളിച്ചുചേർത്തായിരുന്നു ദൃശ്യങ്ങൾ പരസ്യമാക്കിയത്.

എ.ഐ.എം.ഐ.എം എം.എൽ.എയുടെ മകൻ കേസിലുൾപ്പെട്ടതിന് കൂടുതൽ തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്ന് രഘുനന്ദൻ റാവു അവകാശപ്പെട്ടിരുന്നു. ചിത്രം പുറത്തുവിട്ടത് വിവാദമായതോടെ, പെൺകുട്ടിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും തിരിച്ചറിയാൻ സാധിക്കില്ലെന്നും ന്യായീകരിച്ച് എം.എൽ.എ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി പെൺകുട്ടി മൊഴി നൽകിയിരുന്നു. കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഒരാളെ പൊലീസ് തിരയുകയാണ്.

പ്രതികളായ മൂന്ന് കുട്ടികളിൽ ഒരാൾ സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകനാണ്. രണ്ടാമത്തെത് ടി.ആർ.എസ് നേതാവിന്റെ മകനും മൂന്നാമത്തെത് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ സഹകാരിയുടെ മകനുമാണ്. അതേസമയം, പബ് ബുക്ക് ചെയ്തതിൽ തന്റെ ചെറുമകന് പങ്കുണ്ടെന്ന വാർത്ത സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി നിഷേധിച്ചു. സംഭവം നടന്ന സമയം തന്റെ ചെറുമകൻ വീട്ടിലുണ്ടെന്നതിന് സി.സി.ടി.വി തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കുട്ടികൾ ഉൾപ്പെട്ട കേസിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണ​മെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടതോടെയാണ് കേസിന് ജീവൻ വെച്ചത്.

സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള ആ​ഘോഷത്തിന് വേണ്ടിയാണ് അക്രമികളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പബ് ബുക്ക് ചെയ്തത്. പെൺകുട്ടിയും സുഹൃത്തും ഈ പാർട്ടിക്കാണ് വന്നത്. സുഹൃത്ത് നേരത്തെ മടങ്ങി. പെൺകുട്ടി വീട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് പ്രതികളായ കുട്ടികളെ കാണുന്നതും അവർ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതും. നിർത്തിയിട്ട കാറിൽ കയറിയ പെൺകുട്ടിയെ അക്രമികൾ ഊഴമിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിന്നു.

പ്രതികൾ ഉപയോഗിച്ച കാറിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ ഹൈദരാബാദിലെ പ്രാന്ത പ്രദേശത്തുള്ള മൊയിനാബാദിലെ ഫാം ഹൗസിൽ നിന്ന് ഞായറാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. കാർ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാൽ ഫൊറൻസിക് സംഘത്തിന് കാറിൽ നിന്ന് ലൈംഗിക പീഡനം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ടിഷ്യു, പീഡനത്തിനിരയായ പെൺകുട്ടിയുടെ കമ്മലുകളിൽ ഒന്ന് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്.

Tags:    
News Summary - BJP MLA booked for sharing photo of victim in Hyderabad gangrape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.