ഇൻഡോർ: മധ്യപ്രദേശ് ഇൻഡോറിലെ എയറോഡ്രോം ഏരിയയിൽ കാർ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ജിം ഉടമക്ക് നേരെ വാൾ വീശി ബി.ജെ.പി നേതാവിന്റെ ബന്ധുവിന്റെ പരാക്രമം. 60 ഫീറ്റ് റോഡിൽവെച്ച് ജിം ഉടമയായ ആഷു വ്യാസിനെയാണ് വാളുകൊണ്ട് ആക്രമിച്ചത്. ബി.ജെ.പി നേതാവ് കമലേഷ് ഖണ്ഡേൽവാളിന്റെ ബന്ധുവായ രാകേഷ് ഖണ്ഡേൽവാളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനിടെ കൈകൊണ്ട് വാൾ തടഞ്ഞതിനെ തുടർന്ന് ആഷു വ്യാസിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇടപെട്ട് പ്രശ്നം തീർക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ആഷു വ്യാസ് പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായതായി ആരോപണമുണ്ട്. കൂടാതെ പൊലീസ് സ്റ്റേഷനിൽവെച്ച് ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതായും പറയുന്നു. എന്നാൽ, അപകടകരമായ രീതിയിൽ ആയുധം ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിഷയം ഗൗരവമായി എടുക്കുന്നുണ്ടെന്നും ക്രമസമാധാനം ഉറപ്പാക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.