ജനങ്ങളിൽ യാചന സ്വഭാവം കൂടിവരുന്നു; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി

ഭോപാൽ: പൊതുജനങ്ങളെ ഭിക്ഷാടകരെന്ന് അധിക്ഷേപിച്ച് മധ്യപ്രദേശ് മന്ത്രി. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് പട്ടേൽ ആണ് ശനിയാഴ്ച പൊതുജനങ്ങളുടെ നിവേദനങ്ങളെ ഭിക്ഷാടനം എന്ന് വിശേഷിപ്പിച്ചത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വീരാംഗന റാണി അവന്തിഭായ് ലോധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മധ്യപ്രദേശ് ഗ്രാമപഞ്ചായത്ത് മന്ത്രിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

''സർക്കാറിൽ നിന്ന് യാചിക്കുന്ന ഒരു ശീലം ആളുകൾ വളർത്തിയെടുത്തിട്ടുണ്ട്. നേതാക്കൾക്ക് ഒരു കൊട്ട നിറയെ നിവേദനങ്ങളാണ് അവർ നൽകുന്നത്. നേതാക്കൾ വരുമ്പോൾ വേദിയിൽ അവരെ മാല അണിയിക്കുന്നു. അപ്പോൾ തന്നെ അവരുടെ കൈകളിലേക്ക് കത്തുകൾ കൈമാറുന്നു. ഇത് നല്ല ശീലമല്ല. ചോദിക്കുന്നതിന് പകരം കൊടുക്കാനുള്ള ശീലമാണ് വളർത്തിയെടുക്കേണ്ടത്. ഇത് സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കും. സംസ്കാരസമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും സഹായിക്കും.''-എന്നാണ് പ്രഹ്ലാദ് പട്ടേൽ പറഞ്ഞത്.

​ ഈ യാചക സൈന്യം സമൂഹത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുകയേ ഉള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പട്ടേലിന്റെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് ശക്തമായി രംഗത്തുവന്നു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെയാണ് ബി.ജെ.പി മന്ത്രി അപമാനിച്ചതെന്നും മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ജീതു പട്വാരി കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ ധാർഷ്ട്യം പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. കഷ്ടപ്പെടുന്നവരുടെ പ്രതീക്ഷകളെയും കണ്ണീരിനെയുമാണ് മന്ത്രി അപമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവർ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു. ജയിച്ചു കഴിഞ്ഞാൽ അതെല്ലാം മറക്കുന്നു. വാഗ്ദാനങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ജനങ്ങളെ അവർ യാചകരെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. അധികം വൈകാതെ ഈ ബി.ജെ.പി നേതാക്കൾ തന്നെ യാചിക്കാൻ വരുമെന്ന് ജനം ഓർമിക്കണമെന്നും പട്വാരി പറഞ്ഞു.

Tags:    
News Summary - BJP leader Prahlad Patel's remarks have drawn sharp criticism from the opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.