ജുനഗഡ്: ഗുജറാത്തിലെ വോട്ടർപട്ടികയിൽ പേര് വന്നതിൽ ബി.ജെ.പി നേതാവ് ആക്ഷേപമുന്നയിച്ചതിന് പിന്നാലെ ധോലക് കലാകാരൻ മിർ ഹാജി കസമിനെ തേടി പത്മശ്രീ പുരസ്കാരം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്കാര പട്ടികയിലാണ് കസം ഇടംപിടിച്ചത്.
ജനുവരി 13നാണ് കസംഭായിയെയും കുടുംബാംഗങ്ങളെയും പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടത്. 74 വയസ്സുള്ള മിർ ഹാജിബായ് കസംഭായി എന്നറിയപ്പെടുന്ന കസംഭായി ഹാജി രമക്ഡു, ഹാജി റാത്തോഡ് എന്ന പേരിലും അറിയപ്പെടാറുണ്ട്. ഇതിലെ ‘റാത്തോഡ്’ വോട്ടർപട്ടികയിൽ ചേർക്കുന്നതിനാണ് ജുനഗർ മുനിസിപ്പാലിറ്റിയിലെ ഓപറേറ്റർ സഞ്ജയ് മൻവാറ എതിർത്തത്. ഇവർ നിലവിൽ താമസിക്കുന്നത് മേൽപറഞ്ഞ വിലാസത്തിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടികയിൽനിന്ന് നീക്കാൻ അപേക്ഷ നൽകിയത്.
സംഭവം കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. കസംഭായിയുടെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനെതിരെ നിയമനടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ലളിത് പൻസാര ആവശ്യപ്പെട്ടു. ജുനഗറിലെ അറിയപ്പെടുന്ന ധോലക് കലാകാരനാണ് ഹാജിഭായ്. രാജ്യത്തിനകത്തും പുറത്തുമായി 3000ലേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2022ൽ ഗുജറാത്ത് ഗരിമ അവാർഡ് ലഭിച്ച കലാകാരനെ ബി.ജെ.പി നേതാവ് അപമാനിച്ചുവെന്നും പൻസാരെ പറഞ്ഞു. തന്റെ കലയിലൂടെ രാജ്യത്തിന് അഭിമാനമായ കലാകാരനെ അപകീർത്തിപ്പെടുത്തിയതിന് ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഇല്ലാതാക്കാൻ ബി.ജെ.പി കൗൺസിലർമാർ വ്യാപകമായി ഇത്തരം അപേക്ഷകൾ നൽകുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
വോട്ടർപട്ടികയിൽ നിന്നും തന്റെയും ബന്ധുക്കളുടെയും പേര് എടുത്തുമാറ്റിയത് വേദനിപ്പിച്ചെന്ന് കസംഭായ് പറഞ്ഞു. ‘വോട്ടവകാശം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം ഞങ്ങളുടെ പക്കലുണ്ട്. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് തുടങ്ങി എല്ലാ രേഖകളുമുണ്ട്. അധികൃതർ ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കാൻ തയാറാണ്. പത്മശ്രീ ലഭിച്ചതിലുള്ള സന്തോഷം വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ തന്റെ പേരിന്റെ കൂടെ റാത്തോഡ് എന്നും ഉപജാതിയായി ‘മിർ’ എന്നും ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കസംഭായ് വ്യക്തമാക്കി.
അതേസമയം, പേര് സംബന്ധിച്ച ആശയക്കുഴപ്പമാണ് പരാതിക്ക് കാരണമെന്നാണ് ബി.ജെ.പി നേതാവ് സഞ്ജയ് മൻവാരയുടെ വാദം. ആധാർ കാർഡിലും പത്മശ്രീ പട്ടികയിലും ‘ഹാജി മിർ’ എന്നും വോട്ടർപ്പട്ടികയിൽ ‘ഹാജി റാത്തോഡ്’ എന്നും കണ്ടതിനാലാണ് പരാതി നൽകിയതെന്നും സഞ്ജയ് പറഞ്ഞു. ജുനഗഡിൽ നടക്കുന്ന ചടങ്ങിൽ ദേശീയ പുരസ്കാരം നേടിയ ഹാജി കസമിനെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.