ബംഗളൂരു: ബി.ജെ.പിയുടെ പരാതിയിൽ കർണാടകയിലെ ശിവാജിനഗറിൽ മുസ്‌ലിം, ദലിത് വോട്ടർമാരെ വോട്ട് പട്ടികയിൽനിന്ന് നീക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മണ്ഡലത്തിൽ 26,000 വ്യാജ വോട്ടർമാരുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ പരാതി നൽകിയത്. പരാതിയുടെ ചുവടുപിടിച്ച് 9,159 വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയതായി ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്യുന്നു. മേയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി.ജെ.പിക്കാർ ഇതുസംബന്ധിച്ച് പരാതി നൽകിയത്. ബംഗളൂരുവിന്‍റെ ഹൃദയഭാഗത്തുള്ള ശിവാജി നഗറിൽ 1.91 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 40 ശതമാനം മുസ്‌ലിംകളാണ്. കോൺഗ്രസ് എം.എൽ.എയാണ് 2008 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
പരാതിയിൽ ലഭിച്ച 26,000 പേരുകൾ പരിശോധിച്ചാണ് 9,159 പേർക്ക് നോട്ടീസ് അയച്ചതെന്നും ഇവർ പഴയ വിലാസത്തിൽനിന്ന് മാറുകയോ മരിക്കുകയോ ചെയ്തതായി കണ്ടെത്തിയെന്നുമാണ് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പ്രതികരിച്ചതെന്ന് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് പറയുന്നു. എന്നാൽ, 9,159 വോട്ടർമാരെയും ബൂത്ത് ലെവൽ ഓഫീസർമാർ പരിശോധിച്ച് ഉറപ്പാക്കിയതാണെന്നാണ് വിവരം.
മണ്ഡലത്തിൽ ജനിച്ചു വളർന്ന് ഇപ്പോഴും അതേ വിലാസത്തിൽ താമസിക്കുന്നവർക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. മാത്രമല്ല, നോട്ടീസിന് മറുപടി നൽകിയവർക്ക് വീണ്ടും നോട്ടീസ് ലഭിച്ചതായും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നു കഴിഞ്ഞു. നീക്കം വർഗീയ പ്രേരിതമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് വിമർശനം. മീഷന്‍റെ നടപടി നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.