അശ്വിനി വൈഷ്‌ണവ്, പിയൂഷ് ഗോയൽ
ന്യൂഡൽഹി: യുവതലമുറയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പ്രമുഖ ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോമായ 'സബ്സ്റ്റാക്കിൽ' അക്കൗണ്ട് തുറന്ന് കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും പിയൂഷ് ഗോയലും. സർക്കാരിലെ മുതിർന്ന കേന്ദ്രമന്ത്രിമാർ സബ്സ്റ്റാക്ക് പോലുള്ള സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് എഴുതാൻ തുടങ്ങുന്നത് ഇതാദ്യമായാണ്.
ഇന്ത്യയിലെ അർദ്ധചാലക (സെമികണ്ടക്ടർ) വ്യവസായ വികസനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് കേന്ദ്ര ഐടി-റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. തൊട്ടുപിന്നാലെ, നാല് ദിവസത്തെ ജപ്പാൻ സന്ദർശനവും നിർമിതബുദ്ധി, റോബോട്ടിക്സ്, ക്ലീൻ എനർജി മേഖലകളിലെ സഹകരണവും പങ്കുവെച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്ലാറ്റ്‌ഫോമിൽ ലേഖനമെഴുതി.
നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് യുവജനങ്ങൾ നടത്തിയ വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കളുമായി നേരിട്ട് സംവദിക്കുന്ന രീതി പുനഃക്രമീകരിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകുന്ന 40 കോടിയോളം വരുന്ന യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി പ്രത്യേക 'ജെൻ സി ഔട്ട്റീച്ച്' സംഘത്തെ നിയോഗിച്ചിരുന്നു. ഇൻസ്റ്റാഗ്രാം റീലുകൾക്കും സമൂഹമാധ്യമങ്ങൾക്കുമപ്പുറം ആഴത്തിലുള്ള വായനയും ആശയവിനിമയവും ആഗ്രഹിക്കുന്ന യുവ വായനക്കാരിലേക്ക് സർക്കാരിന്റെ വികസന പദ്ധതികൾ ഇടനിലക്കാരില്ലാതെ എത്തിക്കുകയാണ് ഈ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
'ഹൗ വി ആർ ബിൽഡിംഗ് ഇന്ത്യാസ് സെമികണ്ടക്ടർ ഇക്കോസിസ്റ്റം' എന്ന തലക്കെട്ടിൽ അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനത്തിൽ, രാജ്യത്ത് 20 ബില്യൺ ഡോളറിന്റെ നിക്ഷേപമുള്ള 12 അർദ്ധചാലക യൂണിറ്റുകൾക്ക് അനുമതി നൽകിയതും മൂന്നെണ്ണം വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതും ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്.
പിയൂഷ് ഗോയൽ തന്റെ ജപ്പാൻ സന്ദർശനത്തെ ആസ്പദമാക്കി 'ഫോർ ഡേയ്‌സ്, ത്രീ സിറ്റീസ്, ആൻഡ് എ പാർട്ണർഷിപ്പ് കമിങ് ഓഫ് ഏജ്' എന്ന തലക്കെട്ടിലാണ് നയതന്ത്ര-സാമ്പത്തിക സഹകരണങ്ങളെക്കുറിച്ച് പങ്കുവെച്ചത്. ഇരുമന്ത്രിമാരും തങ്ങളുടെ 'എക്സ്' ഹാൻഡിലുകളിലൂടെ സബ്സ്റ്റാക്ക് ലേഖനങ്ങളുടെ ലിങ്ക് പങ്കുവെക്കുകയും ചെയ്തു.
പരമ്പരാഗത പത്രക്കുറിപ്പുകളുടെയോ ടെലിവിഷൻ അഭിമുഖങ്ങളുടെയോ പരിമിതികളില്ലാതെ, കാര്യങ്ങൾ ആഴത്തിൽ വിശദീകരിക്കാൻ കഴിയുന്ന ഇടമാണ് സബ്സ്റ്റാക്ക് മന്ത്രിമാർക്ക് ഒരുക്കുന്നത്. നയരൂപീകരണങ്ങളും വികസന കാഴ്ച്ചപ്പാടുകളും തടസ്സങ്ങളില്ലാതെ വായനക്കാരിലേക്ക് നേരിട്ടെത്തിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സോഷ്യൽ മീഡിയ റീലുകൾ മാത്രം കേന്ദ്രീകരിച്ചുള്ള മുൻകാല പ്രചാരണങ്ങളിൽ നിന്ന് മാറി, യുവാക്കൾ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന ഡിജിറ്റൽ വായനാ ഇടങ്ങളിലേക്ക് ഭരണനേതൃത്വം മാറുന്നത് ഡിജിറ്റൽ രാഷ്ട്രീയ ആശയവിനിമയത്തിലെ നിർണായകമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.