സെൻട്രൽ ജയിലിൽ വിജയ്‌യുടെ മിന്നൽ പരിശോധന; തടവുകാരുമായി നേരിട്ട് സംവദിച്ചു, ഭക്ഷണം പരിശോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം ജനകീയ മുഖം നിലനിർത്തി മുഖ്യമന്ത്രി വിജയ്. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായി, വെള്ളിയാഴ്ച ചെന്നൈക്കടുത്തുള്ള പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി നേരിട്ടെത്തി സന്ദർശനം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായ പുഴലിൽ, തടവുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണത്തിന്റെ ഗുണനിലവാരം, വൈദ്യസഹായം, തൊഴിൽ പരിശീലനം എന്നിവ അദ്ദേഹം വിലയിരുത്തി. തടവുകാരുടെ ആവശ്യങ്ങളും പരാതികളും അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു.

പുഴൽ സെൻട്രൽ ജയിൽ-1ൽ എത്തിയ മുഖ്യമന്ത്രി, ഐസൊലേഷൻ വാർഡ്, സന്ദർശകരുടെ ഹാൾ, ജയിൽ ആശുപത്രി, ലഹരി വിമുക്ത-പുനരധിവാസ കേന്ദ്രം, ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ പരിശീലന കേന്ദ്രം എന്നിവ പരിശോധിച്ചു. അതീവ സുരക്ഷാ ബ്ലോക്കും വധശിക്ഷ നടപ്പാക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചവയിൽ പ്പെടും.

തടവുകാർക്കായി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിർമ്മിച്ച പച്ചക്കറി സ്റ്റോറേജ് റാക്കുകൾ, പേപ്പർ കവറുകൾ, ഓഫീസ് ഫയൽ ബോർഡുകൾ എന്നിവ അദ്ദേഹം പരിശോധിച്ചു. കൂടാതെ ഹാൻഡ്‌ലൂം, ടൈലറിംഗ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും തടവുകാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചുറപ്പുവരുത്തി. ജയിലിലെ അന്തേവാസികളുമായി നേരിട്ട് സംസാരിച്ച അദ്ദേഹം, അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു.

ജയിൽ സന്ദർശനത്തിന് ശേഷം എം-3 പുഴൽ പോലീസ് സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി, സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇൻസ്പെക്ടറോട് വിവരങ്ങൾ തിരക്കി. റിക്കാർഡുകൾ പരിശോധിച്ച അദ്ദേഹം, സബ് ഇൻസ്പെക്ടറുടെ മുറി, കമ്പ്യൂട്ടർ റൂം, തടവുകാരെ പാർപ്പിക്കുന്ന മുറി എന്നിവയും സന്ദർശിച്ചു.

സർക്കാർ സേവനങ്ങൾ ലഭിക്കുന്ന സാധാരണക്കാരുമായും നേരിട്ട് ഇടപഴകുക എന്ന ലക്ഷ്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. മൂന്ന് മാസം മുമ്പ്, ഒരു സർക്കാർ ആശുപത്രിയിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പരാതി ഉയർന്നതിനെ തുടർന്ന് അദ്ദേഹം അവിടെ മിന്നൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ദലിത് വിദ്യാർഥികൾക്കായുള്ള സർക്കാർ ഹോസ്റ്റലിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തി വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടിരുന്നു.

പുഴൽ ജയിൽ സന്ദർശന വേളയിൽ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) സന്ദീപ് റായ് റാത്തോർ, ചെന്നൈ റേഞ്ച് ഡി.ഐ.ജി ടി. പഴനി, സൂപ്രണ്ട് കൃഷ്ണരാജ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Tamil Nadu Chief Minister Vijay Conducts Surprise Raid at Puzhal Central Jail, Interacts with Inmates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.