ബിൽക്കീസ് ബാനു കേസ്: 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ഇളവ് നൽകി വിട്ടയച്ചതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരാണ് ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യംചെയ്ത് ഹരജി നൽകിയത്.

കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചിരുന്നു. മറുപടി നൽകിയ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സുപ്രീംകോടതി സർക്കാറിന് ഇത്തരമൊരു വിവേചനാധികാരം നൽകുകയാണ് ചെയ്തതെന്നും, സുപ്രീംകോടതി വിധിയെയല്ല, പ്രതികൾക്ക് ഇളവ് നൽകിയതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും വ്യക്തമാക്കി.

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചിരുന്നു.

15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

Tags:    
News Summary - Bilkis Bano case: Petition against release of 11 accused by Gujarat government in Supreme Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.