നീതി തൽക്ഷണം; പോക്സോ കേസിൽ വിചാരണയും ശിക്ഷാ വിധിയും ഒറ്റദിവസം

പാട്ന: പോക്സോ കേസിൽ നീതി തൽക്ഷണം നടപ്പാക്കി കോടതി. ബിഹാറിലെ എരാരിയ പോക്സോ കോടതിയാണ് പോക്സോ കേസിൽ സാക്ഷികളെ വിസ്തരിക്കലും വാദവും പ്രതിവാദം കേൾക്കലും ശിക്ഷ വിധിക്കലും ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കിയത്.

കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കുന്ന അസാധരണ നടപടിക്ക് രാജ്യം സാക്ഷിയായത്. കേസിലെ പ്രതിക്ക് പോക്സോ പ്രത്യേക കോടതി ജഡ്ജ് ശശി കാന്ത് ജീവപര്യന്തവും 50,000 പിഴയും വിധിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

ജൂലൈ 22ന് എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് അതിവേഗ വിധിയുണ്ടായത്. ഒറ്റദിവസത്തെ വിചാരണയിൽ ശിക്ഷ വിധിക്കുന്ന രാജ്യത്തെ ആദ്യ കേസാകും ഇതെന്ന് ബിഹാർ ആഭ്യന്തര വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. നേരത്തെ മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ മൂന്നു ദിവസത്തെ വിചാരണക്കൊടുവിൽ ശിക്ഷ വിധിച്ചിരുന്നു. ഒരു ദിവസം കൊണ്ട് വിചാരണ നടത്തി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിലൂടെ ബിഹാർ ദേശീയ റെക്കോർഡ് കൈവരിച്ചെന്നും പത്രക്കുറിപ്പിൽ പറയുന്നു.

എരാരിയ വനിത പൊലീസ് സ്റ്റേഷൻ ചുമതല വഹിക്കുന്ന റീത കുമാരിയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ജൂലൈ 23ന് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ വകുപ്പുകളും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചുമത്തി സെപ്റ്റംബർ 24നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Bihar’s POCSO court completes trial, gives verdict in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.