ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികകൾ പ്രത്യേക തീവ്ര പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തെ ചോദ്യം ചെയ്ത് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയിൽ. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹരജി സമർപ്പിച്ചത്.
അനർഹരുടെ പേരുകൾ നീക്കാനും യോഗ്യരായ പൗരന്മാർ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ബിഹാറിൽ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പാക്കാൻ ജൂൺ 24നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ഈ വർഷം അവസാനമാണ് വോട്ടെടുപ്പ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21, 325, 326, 1950 ലെ ജനപ്രാതിനിധ്യ നിയമം, 1960ലെ വോട്ടർ രജിസ്ട്രേഷൻ നിയമം എന്നിവയിലെ വ്യവസ്ഥകൾ ലംഘിക്കുന്ന കമീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനുമാണ് നീക്കമെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.