ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

പാട്ന: ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിഹാറിൽ മഹാസഖ്യത്തിന്റെ മത്സരചിത്രം തെളിയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രിയ ജനത പാർട്ടി (​ആർ.ജെ.ഡി) അധ്യക്ഷൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പട്നയിൽ നടന്ന സംയുക്ത വാർത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വികഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) കൺവീനർ മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർഥി.

അധികാരം പിടിച്ചെടുക്കാനല്ല, ബിഹാർ പുനർനിർമിക്കുകയാണ് ലക്ഷ്യ​മെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. എൻ.ഡി.എയുടെ 20 വർഷം നീണ്ട ഭരണത്തിൽ ബിഹാർ ദരിദ്ര സംസ്ഥാനമായി. പാവ സർക്കാരാണ് ബിഹാർ ഭരിക്കുന്നതെന്നും തേജസ്വി പറഞ്ഞു.

ആഴ്ചകൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും പിന്നാലെയാണ് പ്രഖ്യാപനം. പ്രതിസന്ധി മൂർഛിച്ചതിന് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവായ അശോക് ​ഗെലോട്ട് കഴിഞ്ഞ ദിവസം ആർ.​ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ലാലു പ്രസാദ് കുടുംബത്തിന്റെ എക്കാലത്തെയും ശക്തി കേന്ദ്രങ്ങളിലൊന്നായ ബിഹാറിലെ രാഖവ്പൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. 1995ലും 2000ലും മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയാണ് ലാലു മുഖ്യമന്ത്രി പദത്തിലെത്തിയത്. തുടർന്ന് 2000ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലാലുവിന്റെ ഭാര്യ റാബറി ദേവിക്കൊപ്പമായിരുന്നു മണ്ഡലം. തുടർന്ന് രണ്ടുതെരഞ്ഞെടുപ്പുകളിൽ കൂടി റാബറി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2015 മുതൽ തേജസ്വിയാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 

ബിഹാറിൽ 243 അസംബ്ളി മണ്ഡലങ്ങളിൽ മഹാസഖ്യത്തിനായി 253 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച നോമിനേഷൻ സമർപ്പിക്കുന്ന അവസാനദിനമായിരിക്കെ, സീറ്റ് സംബന്ധിച്ച് തർക്കങ്ങളും വിയോജിപ്പും ചില മണ്ഡലങ്ങളിൽ സഖ്യത്തിലെ ഒന്നിലധികം കക്ഷികൾ നാമനിർദേശം സമർപ്പിക്കുന്നതിലേക്ക് വഴിതെളിച്ചതോടെയാണ് ഇത്.

ഇൻഡ്യ സഖ്യം ശക്തമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ സഖ്യത്തിന് കരുത്ത് പകർന്നുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവർഷമായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വി.ഐ.പി അധ്യക്ഷൻ മുകേഷ് സാനി പറഞ്ഞു. തന്റെ പാർട്ടിയെ തകർത്ത് എം.എൽ.എമാരെ തട്ടിയെടുത്ത ബി.ജെ.പിയോട് പ്രതികാരം വീട്ടുമെന്നും സാഹ്നി പറഞ്ഞു.

സംസ്ഥാനത്ത്​ കോൺഗ്രസിന് ചെറുതെങ്കിലും നിർണായക സ്ഥാനമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കാര്യമായി ഭരണനേട്ടങ്ങളില്ലാ​ത്ത എൻ.ഡി.എ സഖ്യം, മഹാസഖ്യത്തെ ചെറുതാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുഫലം ഇതിനുള്ള മറുപടിയാവുമെന്നും സന്ദീപ് പറഞ്ഞു.

നവംബറിൽ രണ്ടുഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14ന് ഫലം പ്രഖ്യാപിക്കും. 

മുകേഷ് സഹാനിയെ കൂട്ടിയത് അതിപിന്നാക്ക വോട്ട് ലക്ഷ്യംവെച്ച്

പട്ന: ജാതി രാഷ്ട്രീയം നിർണായകമായ ബിഹാറിൽ അതിപിന്നാക്ക വിഭാഗമായ നിഷാദ് -സമുദായ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ബോളിവുഡ് ടെക്നീഷ്യനായ മുകേഷ് സഹാനിയെ മഹാസഖ്യം ഉപമുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത്. 25 സീറ്റ് ചോദിച്ച മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റാണ് മഹാസഖ്യം അനുവദിച്ചത്. കഴിഞ്ഞ തവണ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് മഹാസഖ്യത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ​എൻ.ഡി.എയിൽ​ ചേർന്ന ചരിത്രമുണ്ട് സഹാനിക്ക്.

എന്നാൽ, ആ ബന്ധം അധികം നീണ്ടില്ല. 12 ശതമാനം വരുന്ന നിഷാദ്- മല്ല സമുദായങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചോദിച്ച സീറ്റ് നൽകിയില്ലെങ്കിലും മഹാസഖ്യം സഹാനിയെ ചേർത്തുനിർത്തുന്നത്.

നേരത്തേ വടക്കൻ ബിഹാറിലെ പ്രളയബാധിത മേഖലകളിലും മറ്റും നടത്തിയ പ്രവർത്തനങ്ങൾ സഹാനിയെ താഴേത്തട്ടിൽ ജനങ്ങൾക്ക് പ്രിയങ്കരനാക്കിയിരുന്നു. ആദ്യം 40 -50 സീറ്റാണ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി ആവശ്യപ്പെട്ടത്. പിന്നീട് 25 എണ്ണമെങ്കിലും കിട്ടണമെന്നായി. അതിനുള്ള ശക്തിയൊന്നും പാർട്ടിക്കില്ല. ഒടുവിൽ ബിഹാറിന്റെ ചുമതലയുള്ള രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇടപെട്ടാണ് 15 സീറ്റും ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ധാരണയിലെത്തിച്ചത്. 

Tags:    
News Summary - Bihar elections: Mahagathbandhan declares Tejashwi Yadav as CM face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.