ന്യൂഡൽഹി: പൗരത്വ രേഖകൾ ആവശ്യപ്പെട്ടുള്ള ‘വോട്ടർപട്ടിക തീവ്ര പരിശോധന’ക്കെതിരെ ബിഹാറിൽ പ്രതിഷേധമുയർന്നതോടെ പിന്നോട്ടടിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. പൗരത്വം തെളിയിക്കാനായി തങ്ങൾ പറഞ്ഞ 11 രേഖകളില്ലാതെ വോട്ടർപട്ടിക പരിശോധിക്കാമെന്ന് ബിഹാർ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഞായറാഴ്ച പത്രപരസ്യങ്ങളിലൂടെ വ്യക്തമാക്കി.
രേഖകൾ സമർപ്പിക്കാത്തവർ വോട്ടറാണോ എന്ന് വോട്ടർപട്ടികയുടെ ചുമതലയുള്ള ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ) തീരുമാനിക്കുമെന്നും കമീഷൻ വ്യക്തമാക്കി. ഇതോടെ ജൂലൈ 25നകം പൗരത്വം തെളിയിക്കാനുള്ള രേഖ സമർപ്പിക്കണമെന്ന നിർദേശത്തിൽനിന്നാണ് കമീഷൻ പിന്നോട്ടടിച്ചത്.
വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷ ഫോറങ്ങൾ ബി.എൽ.ഒമാരിൽനിന്ന് കിട്ടിയാലുടൻ അവ പൂരിപ്പിച്ച് ആവശ്യമായ രേഖയും ഫോട്ടോയും സഹിതം തിരികെ സമർപ്പിക്കണം എന്ന് ആദ്യം നിർദേശിച്ച ശേഷമാണ് രേഖകളില്ലെങ്കിൽ അപേക്ഷ മാത്രം പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കമീഷൻ ആവശ്യപ്പെട്ട 11 രേഖകളിൽ ഏതെങ്കിലുമൊന്ന് വോട്ടർമാർ നൽകിയാൽ വോട്ടുചേർക്കാനുള്ള അപേക്ഷാ നടപടി എളുപ്പമാകുമെന്ന് കമീഷൻ വ്യക്തമാക്കി. അതു നൽകാൻ കഴിഞ്ഞില്ലെങ്കിൽ പ്രദേശത്ത് അന്വേഷണം നടത്തിയോ മറ്റേതെങ്കിലും രേഖകളുടെ അടിസ്ഥാനത്തിലോ അപേക്ഷകൻ വോട്ടറാണോ എന്ന കാര്യത്തിൽ ഇ.ആർ.ഒ തീരുമാനമെടുക്കും.
ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവയൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് കമീഷൻ 11 രേഖകളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ, വിഷയം ബിഹാറികളുടെ അഭിമാന പ്രശ്നമാക്കി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ കമീഷനെതിരെ ഉയർന്ന ജനരോഷം തണുപ്പിക്കാനാണ് നിലപാട് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.