ന്യൂഡൽഹി: ബിഹാറിൽ നിലവിലുള്ള 2.93 കോടി വോട്ടർമാരോട് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ആവശ്യപ്പെട്ടതിനെ എതിർക്കുന്നവരോടുള്ള ഒരേയൊരു ചോദ്യം ഭരണഘടനയുടെ 326ാം അനച്ഛേദം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർപട്ടികയിൽ പേര് നിലനിർത്താൻ പൗരത്വ രേഖകൾ സമർപ്പിക്കേണ്ടതില്ലാത്ത 4.96 കോടി വോട്ടർമാരുടെ പേരുവിവരങ്ങൾ അടങ്ങുന്ന 2003ലെ വോട്ടർ പട്ടിക കമീഷൻ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ഇവർ രേഖകൾ സമർപ്പിക്കേണ്ടതില്ലെങ്കിലും വോട്ടർ പട്ടികയിൽ പേര് നിലനിർത്തുന്നതിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ചുനൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടവർ മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾക്ക് പകരം 2003ലെ വോട്ടർപട്ടികയിൽ അവരുടെ പേരുണ്ടെങ്കിൽ അക്കാര്യം തെളിയിച്ചാൽ മതിയെന്ന് കമീഷൻ തിങ്കളാഴ്ച അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടറും പട്ടികയിൽനിന്ന് ഒഴിവാകരുതെന്നപോലെ അയോഗ്യതയുള്ള ഒരു വോട്ടറും പട്ടികയിൽ ഇടംപിടിക്കരുതെന്നും അതാണ് വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുടെ ലക്ഷ്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ മുതിർന്ന പൗരന്മാരെയും രോഗികളെയും ഭിന്നശേഷിക്കാരെയും പാർശ്വവത്കൃത വിഭാഗങ്ങളെയും സഹായിക്കാനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ അവർക്ക് പൂരിപ്പിച്ചുനൽകുന്നതിനും ഒരു ലക്ഷം വളണ്ടിയർമാരെ കമീഷൻ വിന്യസിച്ചിട്ടുണ്ടെന്നും ഗ്യാനേഷ് കുമാർ തുടർന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 22(2)എ വകുപ്പ് പ്രകാരം ഓരോ തെരഞ്ഞെടുപ്പിന് മുമ്പും വോട്ടർപട്ടിക പുതുക്കണമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 326ാം അനുച്ഛേദം അനുസരിച്ച് 18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടവകാശം. അതിനാൽ രാഷ്ട്രീയ പാർട്ടികളും മറ്റെല്ലാവരും പ്രസ്തുത അനുച്ഛേദം അക്ഷരംപ്രതി പിന്തുടരണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വോട്ടർപട്ടികയുടെ തീവ്ര പരിശോധനയെ എതിർക്കുന്നവർ ഭരണഘടനയുടെ ഈ അനുച്ഛേദത്തെയാണ് എതിർക്കുന്നതെന്നും കമീഷൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.