നളന്ദ: മരത്തിൽനിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ ബീഹാറിൽ കൗമാരക്കാരന് ക്രൂരമർദ്ദനമേറ്റ് ദാരുണാന്ത്യം. നളന്ദ ജില്ലയിലെ സക്രവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസിയായ വയോധികന്റെ മർദ്ദനമേറ്റാണ് പതിനഞ്ചുകാരൻ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള മരത്തിൽനിന്ന് കുട്ടി നാരങ്ങ പറിച്ചത് ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്. വാക്കുതർക്കം രൂക്ഷമായതോടെ വയോധികൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ നാട്ടുകാർ കടുത്ത പ്രതിഷേധമുയർത്തി. പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് നേരിയ തോതിൽ ബലം പ്രയോഗിക്കേണ്ടി വന്നു.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്.പി ഭരത് സോണി അറിയിച്ചു. ജില്ല മജിസ്‌ട്രേറ്റും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ഗ്രാമത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.