ഭീമ-കൊരെഗാവ് സംഘര്‍ഷം: വരവര റാവുവിനെ ഇന്ന് പൂണെ കോടതിയില്‍ ഹാജരാക്കും

മുംബൈ: ദലിതുകളും സവര്‍ണ്ണരും ഏറ്റമുട്ടിയ ഭീമ-കൊരെഗാവ് സംഘര്‍ഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലിസ് അറസ്റ്റു ചെയ്തവരില്‍ തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ എന്നിവരെ ബുധനാഴ്ച പൂണെ കോടതിയില്‍ ഹാജരാക്കും. ഫരീദാബാദില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, ഡല്‍ഹയില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെ പൂണെയിലേക്ക് കൊണ്ടുവരുന്നത് യഥാക്രമം പഞ്ചാബ്-ഹരിയാന ഹൈകോടതിയും ഡല്‍ഹി ഹൈകോടതിയും തടഞ്ഞു. മഹാരാഷ്ട്ര പൊലിസിന്‍െറ മറാത്തിയിലുള്ള കേസ് രേഖകള്‍ എങ്ങിനെയാണ് കീഴ്കോടതികള്‍ക്ക് മനസ്സിലായതെന്ന് ചോദിച്ചുകൊണ്ടാണ് ഹൈകോടതികള്‍ ഇവരുടെ ട്രാന്‍സിറ്റ് കസ്റ്റഡി തടഞ്ഞത്. മഹാരാഷ്ട്ര പൊലിസ് ബുധനാഴ്ച കേസ് രേഖകള്‍ ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്ത് അതത് ഹൈകോടതികളില്‍ സമര്‍പ്പിക്കും. ഹരജിയില്‍ വിധി തീര്‍പ്പാക്കുംവരെ സുധ, ഗൗതം എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് നിര്‍ദേശം. 

1818 ല്‍ ഉന്നത ജാതരായ പെഷ്വാ സൈന്യത്തിന് എതിരെ ദലിത്​ വിഭാഗത്തിലെ മെഹറുകള്‍ നേടിയ ഭിമ-കൊരെഗാവ് യുദ്ധ വിജയത്തിന്‍െറ 200 ാം ആഘോഷ ദിനത്തിലാണ് ജനുവരി ഒന്നിന് പൂണെയില്‍ ദലിത്​-സവര്‍ണ്ണ സംഘര്‍ഷമുണ്ടായത്. രാജ്യത്തിന്‍െറ വിവധ ഭാഗങ്ങളില്‍ നിന്ന് ദലിതുകളും സാമൂഹിക പ്രവർത്തകരും ആഘോഷത്തിന് ഒത്തുകൂടിയതായിരുന്നു.  ദലിതുകള്‍ക്ക് പിന്തുണ നല്‍കിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരെ ചോദ്യങ്ങളുയര്‍ത്തിയും വിവിധ ഇടത്, ദലിത്, മറാത്ത സംഘടനകള്‍ ഒന്നിച്ചിരുന്നു. ഇവര്‍ 2017 ഡിസംബര്‍ 31 ന് നടത്തിയ എല്‍ഗാര്‍ പരിഷത്ത് വന്‍ വിജയവുമായിരുന്നു. എല്‍ഗാര്‍ പരിഷത്തിലെ പ്രഭാഷണങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയിലാണ് മാവോവാദി ബന്ധം ആരോപിച്ച് എഴുത്തുകാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്​തത്. മാവോവാദികളാണ് എല്‍ഗാര്‍ പരിഷത്തിന് പിന്നിലെന്നാണ് പൊലിസിന്‍െറ ആരോപണം. 

അതെസമയം, തുഷാര്‍ ദംഗുഡെയുടെ പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന പൂണെ പൊലിസ് ദലിത് ആക്ടിവിസ്റ്റുകളുടെ പരാതിയില്‍ നടപടികള്‍ എടുത്തിട്ടില്ല. ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ സ്ഥാപകന്‍ ഭിഡെ ഗുരുജിയുടെ പ്രേരണ പ്രകാരം നുഴഞ്ഞുകയറിയ സവര്‍ണ്ണരാണ് കലാപം നടത്തിയതെന്നാണ് ദലിത്​ പ്രവർത്തകരുടെ ആരോപണം. മിലിന്ദ് എക്ബോട്ടെ എന്ന ഹിന്ദുത്വ നേതാവിനെതിരെയും കേസുണ്ട്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് മിലിന്ദ് എക്ബോട്ടെയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കി. ഭിഡെ ഗുരുജിയെ ഇതുവരെ പൊലിസ് അറസ്റ്റു ചെയ്തിട്ടില്ല. ഇദ്ദേഹവും പ്രധാനമന്ത്രിയും തമ്മിലെ അടുപ്പമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, നിലവില്‍ പൊലിസ് വേട്ടക്ക് ആധാരമായ കേസ് നല്‍കിയ തുഷാര്‍ ദംഗുഡെ ഭിഡെ ഗുരുജിയുടെ ആരാധകനാണെന്ന് അദ്ദേഹത്തിന്‍െറ ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 
 

Tags:    
News Summary - Bhima-Koregaon: Varavara Rao Present In front of the Court - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.