മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിൻ; നിർണായക പരീക്ഷണത്തിന്​ ഭാരത്​ ബയോടെക്​

ഡൽഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങൾക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ്​ (ഡിസിജിഐ) അപേക്ഷ നൽകിയത്​. കുത്തിവയ്​പ്പിനുപകരം മൂക്കിലൂടെയാണ്​ പുതിയ വാക്​സിൻ നൽകുന്നത്. ഡിസിജിഐ ഇതുവരെ അപേക്ഷ അവലോകനം ചെയ്തിട്ടില്ല. ഏതൊരു വാക്സിനും സുരക്ഷിതവും കാര്യക്ഷമവുമായി അംഗീകരിക്കപ്പെടാൻ നടത്തുന്ന മൂന്ന് സെറ്റ് ക്ലിനിക്കൽ പഠനങ്ങളിൽ ആദ്യത്തേതിനാണ്​ ഭാരത്​ ബയോടെക്​ അനുമതി തേടിയത്​.


നേരത്തേ ഭാരത്​ കമ്പനിയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിന് അടിയന്തിര ഉപയോഗങ്ങൾക്ക്​ രാജ്യത്ത്​ അനുമതി നൽകിയിരുന്നു. ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ്​ മൂക്കിലൂടെ നൽകുന്ന വാക്​സിനുകൾ. ഒരു നാസൽ വാക്സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയൻറിന്​ അനുകൂല ഘടകമാണ്​.

കോവാക്​സിൻ ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട്​ കുത്തിവയ്​പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന്​ ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. അതേസമയം, കോവാക്സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടരുകയാണ്​. ഈ പഠനത്തിനായി 25,800 വോളന്‍റിയർമാരെ ചേർത്തിട്ടുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു. പ്രതിവർഷം 70 കോടി ഡോസുകൾ ഉൽ‌പാദിപ്പിക്കുന്നതിന് നാല് ഉത്​പാദനകേന്ദ്രങ്ങൾ കമ്പനി ഒരുക്കുന്നുണ്ട്​. കോവാക്സിനും കോവിഷീൽഡും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷ.

വാക്സിൻ വിതരണ സംവിധാനം ഉറപ്പാക്കുന്നതിന്​ സർക്കാർ ഇന്ന് രണ്ടാമത്തെ ദേശീയ ഡ്രൈ റൺ നടത്തി. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, ശുചിത്വ ഉദ്യോഗസ്ഥർ തുടങ്ങിയ മുൻ‌നിര ജീവനക്കാർക്കാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.