ഇന്ദോർ: മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിരവധി അനുയായികളുള്ള പ്രമുഖ ആത്മീയ ഗുരു ഭയ്യു മഹാരാജ് (50) സ്വയം വെടിവെച്ച് മരിച്ചു. ഉദയ് സിങ് ദേശ്മുഖ് എന്നാണ് യഥാർഥ പേര്. വെടിയേറ്റ നിലയിൽ ഇന്ദോറിലെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. മരണവാർത്തയറിഞ്ഞ് ഭയ്യുവിെൻറ നിരവധി അനുയായികൾ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.
ഇന്ദോർ നഗരത്തിലാണ് ഇദ്ദേഹത്തിെൻറ ആശ്രമം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗായിക ലത മേങ്കഷ്കർ തുടങ്ങി നിരവധി പ്രശസ്തർ ഭയ്യുവിെൻറ അനുയായികളാണ്. ഇൗയിടെ മധ്യപ്രദേശ് സർക്കാർ മന്ത്രിപദവി നൽകിയ സന്യാസിമാരിൽ ഭയ്യു മഹാരാജും ഉൾപ്പെട്ടിരുന്നു. പദവി ഇദ്ദേഹം സ്വീകരിച്ചിരുന്നില്ല. ആശ്രമത്തിനകത്തെ ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. ഇവിടെനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ഭയ്യു വിഷാദരോഗത്തിെൻറ പിടിയിലാണെന്ന് സൂചനയുണ്ട്. 2011ൽ അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും ചേർന്ന് അഴിമതിവിരുദ്ധ കാമ്പയിൻ ശക്തമാക്കിയ വേളയിൽ സമരം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇദ്ദേഹം സജീവമായിരുന്നു.
ആത്മീയ രംഗത്തേക്കു വരുന്നതിനുമുമ്പ് ഭയ്യു മോഡലിങ് ആർട്ടിസ്റ്റ് ആയിരുന്നു. ആദ്യ ഭാര്യ മാധവി 2015ൽ മരിച്ചു. പിന്നീട് കഴിഞ്ഞ വർഷം ഡോ. ആയുഷി ശർമയെ വിവാഹം ചെയ്തു. ആദ്യഭാര്യയുടെ മരണശേഷം ഭയ്യുവും ഇൗ ബന്ധത്തിലുള്ള മകളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ഒന്നര വർഷമായി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ഭയ്യു, കർഷക ക്ഷേമത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി ശ്രദ്ധനേടിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.
അതേസമയം ഭയ്യു മഹാരാജിെൻറ മരണത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കോൺഗ്രസ് മധ്യപ്രദേശ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പി സർക്കാറിനുവേണ്ടി പ്രവർത്തിക്കാൻ ഭയ്യുവിനുമേൽ സമ്മർദമുണ്ടായിരുന്നെന്ന് പാർട്ടി സംസ്ഥാന മാധ്യമ വിഭാഗം തലവൻ മനക് അഗർവാൾ പറഞ്ഞു. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ സി.ബി.െഎ അന്വേഷണം അനിവാര്യമാണെന്ന് മനക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.