ന്യൂഡൽഹി: കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ട് ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഘർഷത്തിന്റെ 60 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഘർഷമുണ്ടായത്. 12ഓളം പേർ ഡസ്റ്റ്ബിൻ, ബെൽറ്റ് എന്നിവ കൊണ്ട് അടികൂടുകയായിരുന്നു. മറ്റുള്ളവർ സംഘർഷം ലഘൂകരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വാട്ടർബോട്ടിലുകൾ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
സംഘർഷത്തിന് പിന്നാലെ റെയിൽവേ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്ന് ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് ടൂറിസം കോർപ്പറേഷനും പ്രതികരിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് ഐ.ആർ.ടി.സിയുടെ നാല് ജീവനക്കാരെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. നാല് പേരെ അന്വേഷണവിധേയമായി ജോലിയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. ഐ.ആർ.ടി.സി സേവനദാതാവിന് സംഘർഷം സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ പിഴയും ഏജൻസിക്ക് ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.