ദലിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക്

മംഗളൂരു: പട്ടികജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ജോഗി സമുദായം ഊരുവിലക്ക് കൽപിക്കുന്നതായി പരാതി. ശിവമോഗ്ഗ ജില്ലയിലെ കുംസി ഹൊബ്ലി ഹൊറബൈലു ഗ്രാമത്തിലെ വി.എൻ. ദിനേശ് (27), ഭാര്യ പ്രീതി (22) എന്നിവരും കുടുംബാംഗങ്ങളുമാണ് ബഹിഷ്കരണം നേരിടുന്നത്.

സംഭവം സംബന്ധിച്ച് ഇരുവരും ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജെ.കെ. മിഥുൻ കുമാറിന് പരാതി നൽകി. സെപ്റ്റംബർ 10നാണ് ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നടന്നത്. ആ മാസം 27ന് ശിവമോഗ്ഗ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്ന് ഗ്രാമത്തിലെ സമുദായ മുഖ്യന്മാർ യോഗം ചേർന്ന് ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു.

പ്രദേശത്തെ 30 ജോഗി കുടുംബങ്ങളാണ് ഊരുവിലക്ക് അനുസരിക്കേണ്ടത്. മിശ്രവിവാഹ ദമ്പതികളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുന്നതിനും ഇടപഴകുന്നതിനും വിലക്കുണ്ട്. ലംഘിച്ചാൽ 1000 രൂപ പിഴ ഈടാക്കും. വിലക്ക് ലംഘനം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം നൽകും എന്നും പ്രഖ്യാപനം ഉണ്ട്.

ബഹിഷ്കരണം മൂലമുള്ള പ്രയാസം സഹിക്കാനാവുന്നില്ലെന്ന് പരാതിയിൽ പറഞ്ഞു. പരാതി ലഭിച്ചയുടൻ സമുദായ നേതാക്കൾക്കെതിരെ കേസെടുത്തതായി ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Tags:    
News Summary - Ban for man and his family who married Dalit woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.