റായ്പൂർ: ഛത്തീസ്ഗഢിലെ മാഗ്നെറ്റോ മാൾ ആക്രമിച്ച് ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത ആറ് ബജ്റംഗ് ദൾ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിക്ക് പുറത്തിറങ്ങിയവർക്ക് പ്രവർത്തകരുടെ വക ലഭിച്ചത് വൻ സ്വീകരണം. ജാമ്യം ലഭിച്ച ആറു പേരെയും മാലയും പൂച്ചെണ്ടും നൽകി സ്വീകരിച്ച ഇവർ മുദ്രാവാക്യം മുഴക്കുകയും തോളിലേറ്റി ആഘോഷിക്കുകയും ചെയ്തു. ആഘോഷത്തിൽ തെറ്റില്ലെന്നാണ് സംഘടനയുടെ സംസ്ഥാന തല കോർഡിനേറ്റർ ഋഷി മിശ്ര പ്രതികരിച്ചത്.
ഡിസംബർ29ന് അക്രമികൾക്ക് റായ്പൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ ഛത്തീസ്ഗഢിൽ മത പരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വലതു പക്ഷ ഗ്രൂപ്പുകൾ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ ഒരു കൂട്ടം ബജ്റംഗ് ദൾ പ്രവർത്തകർ മാളിൽ അതിക്രമിച്ച് കടക്കുകയും ഉള്ളിലെ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചെയ്തു.
40ഓളം പേർക്കെതിരെ അക്രമത്തിൽ പൊലീസ് എഫ്.ഐ.ആർ ചുമത്തിയിരുന്നു. അതിക്രമിച്ചു കടക്കൽ, മനപൂർവം വസ്തുക്കൾ നശിപ്പിക്കൽ കലാപം, നിയമ വിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിസംബർ 27നാണ് ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.