ചീഫ് ജസ്റ്റിസിനെതിരായ പരാമർശം; എഴുത്തുകാരൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ

ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബദ്രി ശേഷാദ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ കുറിച്ചും മണിപ്പൂർ കലാപത്തെക്കുറിച്ചും പ്രകോപനപരമായ പരാമർശം നടത്തിയെന്നാരോപിച്ച് പെരാമ്പല്ലൂർ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജൂലൈ 22ന് 'ആധാൻ തമിഴ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബദ്രി ശേഷാദ്രി നടത്തിയ പരാമർശമാണ് വിവാദമായത്. മണിപ്പൂർ കലാപത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കുള്ള പങ്ക്, കുക്കി, മെയ്തെയ് വിഭാഗങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ ബദ്രി ശേഷാദ്രി ചീഫ് ജസ്റ്റിസിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ അസംതൃപ്തനാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കവിയരസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മണിപ്പൂരിൽ നടന്ന കലാപത്തിന് കാരണമായത് മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി സംബന്ധിച്ച മണിപ്പൂർ ഹൈകോടതിയുടെ വിധിയാണെന്ന് ബദ്രി പറഞ്ഞിരുന്നു. കലാപത്തെക്കുറിച്ച് സുപ്രീം കോടതി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ചീഫ് ജസ്റ്റിസിന്‍റെ കയ്യിൽ തോക്ക് നൽകുമോയെന്നും അഭിഭാഷകർക്ക് പോലും മണിപ്പൂരിലെ സ്ഥിഗതികളെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിൽ ബദ്രി നടത്തിയ പരാമർശങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പരാതിക്കാരൻ ആരോപിച്ചു.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ന്യൂ ഹൊറൈസൺ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ബദ്രി ശേഷാദ്രി സ്വരാജ്യ മാഗസിന് വേണ്ടി ലേഖനങ്ങൾ എഴുതാറുണ്ട്. രാജ്യത്ത് നടക്കുന്ന അനീതികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബദ്രി പ്രതികരിക്കാറുണ്ടായിരുന്നു.

Tags:    
News Summary - Badri Seshadri arrested for derogatory remarks against CJI on Manipur violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.