കുഞ്ഞിന് ആഹാരം നൽകുന്ന വനിത പൊലീസുകാരായ സുശീല ഗാഭലെ, രേഖ വാസി എന്നിവർ
പുനെ: അമ്മ മരിച്ച് കിടക്കുകയാണെന്ന് അറിയാതെ രണ്ട് ദിവസമായി വിശന്നുകരയുന്ന പിഞ്ചുകുഞ്ഞ്. ആ സ്ത്രീ കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന സംശയത്താൽ കുഞ്ഞിന് അൽപം പാൽ കൊടുക്കാൻ ഭയന്ന് അയൽക്കാരും. മഹാമാരിയുടെ ഇൗ കെട്ടകാലത്ത് ഉള്ളുപൊള്ളിക്കുന്ന ഇത്തരം കാഴ്ചകൾ ഇനിയെത്ര കാണേണ്ടി വരുമെന്ന ആശങ്ക മാത്രം ബാക്കി.
പൂനെയിലെ പിംപ്രി ചിഞ്ച്വാഡിലാണ് കഴിഞ്ഞയാഴ്ച ഹൃദയഭേദകമായ ഈ സംഭവം നടന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന സ്ത്രീ ശനിയാഴ്ചയാണ് മരിച്ചത്. ആ സമയത്ത് അമ്മ മരിച്ചുകിടക്കുകയാണെന്ന് അറിയാതെ മൃതദേഹത്തിനരികിൽ വിശന്നുതളർന്ന് കരയുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് അല്ലാതെ മറ്റാരും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവരുടെ ഭർത്താവ് ഉത്തർപ്രദേശിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കുന്നുണ്ടെങ്കിലും ആ സ്ത്രീ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയത്താൽ അവിടേക്ക് പോകാനോ ആ കുഞ്ഞിനെ ഏറ്റെടുക്കാനോ അയൽക്കാർ ആരും തയാറായില്ല.
രണ്ട് ദിവസം കഴിഞ്ഞ് തിങ്കളാഴ്ച ദുർഗന്ധം സഹിക്കാനാകാതെ വന്നപ്പോൾ വീട്ടുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വാതിൽ തുറന്ന് നോക്കിയപ്പോളാണ് ഹൃദയത്തിന് മുറിവേൽപ്പിക്കുന്ന ആ കാഴ്ച കണ്ടത്. രണ്ടുദിവസം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് വാവിട്ടു കരയുകയായിരുന്നു ആ കുഞ്ഞ്. ഉടൻ പൊലീസ് സംഘത്തിലുണ്ടായിരുന്ന സുശീല ഗാഭലെ, രേഖ വാസി എന്നിവർ കുഞ്ഞിനെ എടുക്കുകയും പാലും ബിസ്കറ്റും നൽകുകയുമായിരുന്നു. രണ്ട് ദിവസം ഒന്നും കഴിക്കാതെ കഴിഞ്ഞുകൂടിയ കുഞ്ഞ് അേതാടെ കരച്ചിലും നിർത്തി.
'എനിക്ക് എട്ടും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഈ കുഞ്ഞും എന്‍റെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ്. വളരെയധികം വിശന്നുവലഞ്ഞിരുന്നു ആ കുഞ്ഞ്. അവൻ ആർത്തിയോടെ പാൽ കുടിക്കുന്നത് കണ്ട് ഞങ്ങൾക്കുതന്നെ സങ്കടമായി' -സുശീല ഗാഭലെ പറഞ്ഞു. അൽപം പനി ഉണ്ടെന്നതൊഴിച്ചാൽ കുഞ്ഞിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് രേഖ വാസി പറഞ്ഞു. 'കുഞ്ഞിന് ചെറുതായി പനിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവനെ ഡോക്ടറെ കാണിച്ചു. ആദ്യം അവന്‍റെ വിശപ്പ് മാറ്റാനാണ് ഡോക്ടർ പറഞ്ഞത്. പാലും ബിസ്കറ്റും കഴിച്ച് അവൻ സന്തോഷവാനായതോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി അവന്‍റെ കോവിഡ് പരിശോധനയും നടത്തി' -രേഖ പറയുന്നു.
കുഞ്ഞിന്‍റെ പരിശോധനഫലം നെഗറ്റിവ് ആണ്. ഇപ്പോൾ സർക്കാറിന്‍റെ അഭയകേന്ദ്രത്തിലാണ് കുഞ്ഞ് ഉള്ളതെന്നും ഉത്തർപ്രദേശിലുള്ള പിതാവ് വരുന്നതിനായി കാത്തിരിക്കുകയാണെന്നും എസ്.ഐ പ്രകാശ് യാദവ് വ്യക്തമാക്കി. കുഞ്ഞിന്‍റെ അമ്മ കോവിഡ് ബാധിച്ചാണോ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.