ലഖിംപൂർ ഖേരിയിൽ കർഷകരെ ഇടിച്ചുകൊന്ന കാർ അക്നിക്കിരയാക്കിയപ്പോൾ(ഫയൽ ചിത്രം)

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിലെ സാക്ഷിയായ ബി.കെ.യു നേതാവിന് നേരെ വധശ്രമം

ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവിന് നേരെ വധശ്രമം. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.കെ.യുവിന്റെ ലഖിംപൂർ ഖേരി ജില്ല പ്രസിഡന്റ് ദിൽബാഗ് സിങാണ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ദിൽബാഗ് സിങിന്‍റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഖിംപൂർ ഖേരിയിൽ നടന്ന കർഷക കൂട്ടക്കൊലക്ക് ഇദ്ദേഹം സാക്ഷിയായിരുന്നു.

മകന് അസുഖമായതിനാൽ തന്റെ സുരക്ഷ ഉദ്യോഗസ്ഥൻ അവധിയിലായിരുന്നുവെന്ന് ദിൽബാഗ് സിങ് പറഞ്ഞു. കാറിന് നേരെ അക്രമികൾ വെടിയുതിർത്തു. മൂന്ന് ബുള്ളറ്റുകൾ കാറിൽ പതിച്ചതായും അക്രമികൾ വാതിൽ തുറക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. വാഹനത്തിന്‍റെ ടയറുകളിലൊന്ന് വെടിവെപ്പിൽ പഞ്ചറായി. വാഹനത്തിന് നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും സിങ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് പറഞ്ഞു. ആക്രമണത്തിന് ശേഷം സ്ഥലം പൊലീസ് സന്ദർശിക്കുകയും ദിൽബാഗ് സിങിന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അക്രമിക്കപ്പെട്ട കാറും സംഭവ സ്ഥലവും ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണവും തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

2021 ഒക്‌ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ കർഷക കൂട്ടക്കൊല നടന്നത്. കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയാണ്. കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആശിഷ് മിശ്രയുടെ കാർ നാല് കർഷകരുടെയും ഒരു മാധ്യമ പ്രവർത്തകന്റെയും മുകളിലൂടെ പാഞ്ഞുകയറി. അഞ്ച് പേരും ദാരുണമായി കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ കാറിന്‍റെ െെഡ്രവറും രണ്ട് ബി.ജെ.പി പ്രവർത്തകരുമടക്കം മൂന്ന് പേർ മരിച്ചു. കർഷകരുടെ മരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.


Tags:    
News Summary - Attempted assassination of BKU leader who witnessed the Lakhimpur Kheri massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.