മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് കാരണം അക്രമം പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണെന്ന് ആരാധിക. സെയ്ഫ് ചികിത്സ തേടിയ ലീലാവതി ആശുപത്രിക്ക് പുറത്താണ് പ്രതിഷേധവുമായി യുവതി എത്തിയത്. സെയ്ഫ് അലി ഖാനും റാണി മുഖർജിയും അഭിനയിച്ച ഹം തും എന്ന ചിത്രത്തിന്റെ പോസ്റ്റർ പതിച്ച പ്ലക്കാർഡുമായാണ് ഇവർ പ്രതിഷേധിച്ചത്. ‘അക്രമ സിനിമകൾ നിരോധിച്ച് പ്രണയ ചിത്രങ്ങൾ നിർമിക്കൂ, വേഗം സുഖം പ്രാപിക്കൂ സെയ്ഫ് അലി ഖാൻ’ എന്നിങ്ങനെയാണ് പ്ലക്കാർഡിലുള്ളത്.
“പ്രണയ ചിത്രങ്ങൾ നിർമിക്കുമ്പോൾ, മുംബൈക്ക് സന്തോഷമായിരുന്നു, ഇന്ത്യ സന്തോഷത്തിലായിരുന്നു. സെയ്ഫ് അലി ഖാനും ബോളിവുഡും സിനിമക്ക് വലിയ സംഭാവനകൾ നൽകി. കുട്ടിക്കാലം മുതൽ ബോളിവുഡ് സിനിമകൾ എന്റെ കുടുംബത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ന് ബോളിവുഡ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. അക്രമ സിനിമകൾ കാണാൻ താത്പര്യമില്ലാത്ത സാധാരണക്കാരന്റെ പ്രതീകമാണ് ഞാൻ. ഇത്തരം സിനിമകൾ സാധാരണക്കാരനെ കത്തിയുമായി ഇറങ്ങാൻ പ്രേരിപ്പിക്കും.
ഇന്ന് സെയ്ഫ് ആക്രമിക്കപ്പെട്ടതു പോലെ നാളെ ഞാനും ആക്രമിക്കപ്പടും. അത്തരം സിനിമകൾ കാണാൻ സാധാരണക്കാർ ആഗ്രഹിക്കുന്നില്ല, അക്രമത്തെ ആസ്വദിക്കുന്നുമില്ല” -അവർ പറഞ്ഞു. സമൂഹമാധ്യമത്തിലെ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളുമായി ഉപയോക്താക്കൾ രംഗത്തുവന്നിട്ടുണ്ട്. യുവതിയുടെ പ്രതികരണത്തെ ചിലർ പിന്തുണച്ചപ്പോൾ, മറ്റുചിലർ സിനിമയെ സിനിമയായി കാണണമെന്നാണ് പറയുന്നത്.
അതേസമയം ഗുരുതര പരിക്കേറ്റ സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് ബാന്ദ്രയിലെ വസതിയിൽ മോഷ്ടാവിന്റെ ആക്രമണത്തിൽ താരത്തിന് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.