ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വോട്ടു മോഷണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് കമീഷൻ ഇത് ചെയ്യുന്നതെന്നും പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആറുമാസമായി ഇതിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. അതിലൂടെ ഞങ്ങൾ കണ്ടെത്തിയത് വലിയ ആറ്റംബോംബാണെന്നും അത് പുറത്തുവിട്ടാൽ കമീഷന് രാജ്യത്ത് ഒളിക്കാൻ ഇടമില്ലാതാകുമെന്നും രാഹുൽ പറഞ്ഞു.
'100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. ഞങ്ങൾ അത് പുറത്തുവിട്ടാലുടൻ രാജ്യം മുഴുവൻ അറിയും, തെരഞ്ഞെടുപ്പ് കമീഷൻ 'വോട്ട് മോഷണ'ത്തിൽ മുഴുകുകയാണെന്ന്. അവർ അത് ചെയ്യുന്നത് ബി.ജെ.പിക്കുവേണ്ടിയാണ്. ഞങ്ങൾ സ്വന്തമായി അന്വേഷണം നടത്തി. ആറ് മാസമെടുത്തു. ഞങ്ങൾ കണ്ടെത്തിയത് ഒരു ആറ്റം ബോംബാണ്. അത് പൊട്ടിത്തെറിച്ചാൽ, തെരഞ്ഞെടുപ്പു കമീഷന് രാജ്യത്ത് ഒളിക്കാൻ ഇടമുണ്ടാകില്ല. ഇത് രാജ്യദ്രോഹമാണ്, അതിൽ കുറഞ്ഞ ഒന്നുമല്ല. നിങ്ങൾ വിരമിച്ചേക്കാം, നിങ്ങൾ എവിടെയായിരിക്കാം, ഞങ്ങൾ നിങ്ങളെ പിന്തുടരും."-രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് ലോക്‌സഭ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തന്റെ പാർട്ടിക്ക് സംശയമുണ്ടെന്ന് രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ചെയ്തതുപോലെ ബിഹാറിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ‘മോഷ്ടിക്കാൻ’ ബി.ജെ.പി ശ്രമിക്കുന്നുവെന്നും സാധാരണക്കാരുടെ ചെലവിൽ രാജ്യത്തെ അഞ്ചോ ആറോ മുതലാളിമാർക്കു വേണ്ടി സർക്കാർ എല്ലാം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു. രാജ്യം അദാനി, അംബാനി അല്ലെങ്കിൽ ശതകോടീശ്വരന്മാർക്ക് മാത്രമുള്ളതാണെന്ന് ഭരണഘടനയിൽ എവിടെയും എഴുതിയിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാർ സാധാരണക്കാരുടെ ചെലവിൽ അഞ്ചോ ആറോ മുതലാളിമാർക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.